National
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് സമീപം ആകാശത്ത് കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍
വിജയവാഡയിലെ ഗഡവരം വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനാണ് ആകാശത്ത് ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്.
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് ചുറ്റും ആകാശത്ത് കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം. ആന്ധ്രാ പ്രദേശിലാണ് സംഭവം. വിജയവാഡയില്‍ നിന്ന് പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനായിരുന്നു സമാന്തരമായി ബലൂണുകള്‍ പറത്തിയത്. അതേസമയം, സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു. ബലൂണ്‍ പറത്തിയ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.
വിജയവാഡയിലെ ഗഡവരം വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനാണ് ആകാശത്ത് ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പറന്നുയര്‍ന്ന് അഞ്ച് മിനുട്ടിന് ശേഷം സമീപത്തെ കെട്ടിടത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലൂണ്‍ പറത്തിയെന്നാണ് പോലീസ് ഭാഷ്യം.
കറുത്ത ബലൂണുകള്‍ കാണിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തില്‍ കറുത്ത ബലൂണുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബലൂണ്‍ പറത്തിയ സംഭവമുണ്ടായത്.