Connect with us

Kerala

പായ വിരിച്ച് റോഡില്‍ കിടന്ന് പ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി

കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത സമരക്കാര്‍ ഉപരോധിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ഡ്രൈവിങ് ടെസ്റ്റ് പണിമുടക്ക് അഞ്ച് ദിവസമായി തുടരുകയാണ്.
കാസര്‍ഗോഡ് പായ വിരിച്ച് റോഡില്‍ കിടന്നാണ് പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത സമരക്കാര്‍ ഉപരോധിച്ചു.

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ഇന്ന് ടെസ്റ്റ് നടത്താം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍, തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ ആരും ടെസ്റ്റിന് വന്നില്ല. ഇവിടെ 21 പേര്‍ക്കാണ് ഇന്ന് ടെസ്റ്റിന് സ്ലോട്ട് നല്‍കിയിരുന്നത്.

പാലക്കാട് മലമ്പുഴയില്‍ കുത്തുപാള കഞ്ഞി വെച്ച് സമരക്കാര്‍ പ്രതിഷേധിച്ചു. തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. സമരത്തില്‍ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തി. സമരത്തില്‍ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചുമാണ് ഇപ്പോഴത്തെ സമരം.