Connect with us

National

അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം; രാഹുല്‍ പിടിച്ചുതള്ളിയെന്ന് ആരോപണം: പോലീസില്‍ പരാതി നല്‍കി ബിജെപി

രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ നാടകീയ സംഭവവികാസങ്ങള്‍. പാര്‍ലമെന്റിലെ കവാടത്തില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ തള്ളിയെന്നും പരുക്കേറ്റ ഇവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ബിജെപി ആരോപിച്ചു. സംഭവത്തില്‍ ബിജെപി പോലീസില്‍ പരാതി നല്‍കി.

പാര്‍ലമെന്റില്‍ അതിക്രമം നടത്താന്‍ രാഹുലിന് ആരാണ് അധികാരം നല്‍കിയതെന്നും എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു.

അതേസമയം ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു. ബിജെപി എംപിമാര്‍ തന്നെ തള്ളിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായ തന്റെ കാല്‍മുട്ടുകള്‍ക്ക് പരുക്കുപറ്റിയെന്നും ഖാര്‍ഗെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് അയച്ചു. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എംപിയായ ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു.

രാജ്യസഭ എംപിമാര്‍ക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധന്‍കര്‍ ഉറപ്പ് നല്‍കി. അതേസമയം രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു.

ചൊവ്വാഴ്ച രാജ്യസഭയിലെ ചര്‍ച്ചയില്‍ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Latest