Connect with us

International

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതി പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തത്സമയ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയായിരുന്നു പ്രതിഷേധക്കാര്‍ അക്രമാസക്തരായത്

Published

|

Last Updated

ധാക്ക | ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതി പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തത്സമയ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയായിരുന്നു പ്രതിഷേധക്കാര്‍ അക്രമാസക്തരായത്.

മുജീബുര്‍ റഹ്മാന്റെ വസതി നേരത്തെ മ്യൂസിയമാക്കി മാറ്റിയിരുന്നു. അവര്‍ക്ക് ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിയും പക്ഷേ ചരിത്രത്തെ തകര്‍ക്കാന്‍ കഴിയില്ല. ചരിത്രം പ്രതികാരം ചെയ്യുമെന്ന് അവര്‍ ഓര്‍ക്കണമെന്നും ഹസീന പറഞ്ഞു. ബംഗ്ലാദേശ് ചരിത്രത്തിലെ ഒരു ഐക്കണിക് ചിഹ്നമായിരുന്നു ഈ വീട്. ഷെയ്ഖ് മുജീബ് പതിറ്റാണ്ടുകളായി സ്വയംഭരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ഈ വീട്ടിലായിരുന്നു. ഹസീന പ്രസംഗിക്കുമ്പോള്‍ ബുള്‍ഡോസര്‍ ഘോഷയാത്ര നടത്തണമെന്ന സോഷ്യല്‍ മീഡിയ ആഹ്വാനത്തെത്തുടര്‍ന്നാണ് തലസ്ഥാനത്തെ ധന്‍മോണ്ടി പ്രദേശത്തെ വീടിന് മുന്നില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയത്.

അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീന പ്രസംഗിച്ചത്. നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ രാജ്യത്തെ ജനങ്ങളോട് അവര്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവന്‍ പണയപ്പെടുത്തി നമ്മള്‍ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ അവര്‍ക്ക് ശക്തിയില്ലെന്ന് ഹസീന പറഞ്ഞു.

മുജീബിസ്റ്റ് ഭരണഘടന കുഴിച്ചുമൂടുമെന്നും ബംഗ്ലാദേശിന്റെ 1972 ലെ ഭരണഘടനയും നിര്‍ത്തലാക്കുമെന്നും ഷെയ്ഖ് മുജീബിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്നും ചില വലതുകക്ഷികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവാമി ലീഗ് ഭരണകാലത്താണ് ഇത് ഒരു മ്യൂസിയമാക്കി മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ഹസീനയുടെ 16 വര്‍ഷത്തെ അവാമി ലീഗ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ ധന്‍മോണ്ടി വസതിക്ക് തീയിട്ടിരുന്നു. തുടര്‍ന്ന് ഹസീന തന്റെ ഇളയ സഹോദരി ഷെയ്ഖ് റെഹാനയ്ക്കൊപ്പം ബംഗ്ലാദേശ് വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

 

Latest