Connect with us

From the print

ഇസ്റാഈലിൽ പ്രക്ഷോഭം ശക്തം

നെതന്യാഹു സർക്കാർ താഴെയിറങ്ങും വരെ പ്രക്ഷോഭമെന്ന് സമരക്കാർ

Published

|

Last Updated

തെൽ അവീവ് | യു എസ് പിന്തുണയോടെ യു എൻ രക്ഷാ സമിതി വെടിനിർത്തൽ പ്രമേയം പാസ്സാക്കിയിട്ടും ഗസ്സയിൽ ആക്രമണം തുടരവേ പ്രക്ഷോഭഭരിതമായി ഇസ്‌റാഈൽ തെരുവുകൾ. നെതന്യാഹു സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും സർക്കാർ താഴെയിറങ്ങും വരെ വിശ്രമമില്ലെന്നും പ്രക്ഷോഭകർ പറഞ്ഞു.

നെതന്യാഹു രാജിവെച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക മാത്രമാണ് രാജ്യത്തിന് മുന്നോട്ട് പോകാനുള്ള വഴിയെന്ന് തെൽ അവീവിൽ പ്രകടനത്തിന് നേതൃത്വം നൽകിയ ആക്ടിവിസ്റ്റുകൾ പറഞ്ഞു. യുദ്ധ മന്ത്രിസഭയിൽ നിന്ന് പ്രതിപക്ഷ പ്രതിനിധികൾ പിൻവാങ്ങിയതോടെ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് നെതന്യാഹു. ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള വഴി എന്താണെന്ന കാര്യത്തിൽ ഭരണസഖ്യത്തിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.
സർക്കാർവിരുദ്ധ പ്രതിഷേധക്കാർ ഇന്നലെ ഇസ്‌റാഈലിലെ നിരവധി പ്രധാന ഹൈവേകളും ക്രോസ്സിംഗുകളും ഉപരോധിച്ചു. തെൽ അവീവിൽ നിന്ന് ജറൂസലമിലേക്കുള്ള റൂട്ട് ഒന്ന്, റാനാനയിൽ നിന്ന് തെക്കോട്ട് പോകുന്ന റൂട്ട് നാല്, അയലോൺ ഫ്രീവേ എന്നിവയിലുൾപ്പെടെ ഗതാഗതം സ്തംഭിച്ചു.

കഫാർ, ടവോർ, ഗാസിത്, യാവോർ, എയ്‌നാത്ത് ഇന്റർചേഞ്ചുകളും സമരക്കാർ തടഞ്ഞു. തലസ്ഥാന നഗരിയിലെ സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ നികുതി നിഷേധ സമരവും ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച തുടർച്ചയായി പ്രതിഷേധം നടത്താനുള്ള പദ്ധതിയിലാണ് ഇവർ. ശനിയാഴ്ച രാത്രി വലിയ പ്രതിഷേധ റാലി നടന്നിരുന്നു.

Latest