Connect with us

Malappuram

പ്രതിഷേധങ്ങള്‍ ഫലം കാണുന്നു; രാജ്യറാണി നിലമ്പൂര്‍ വിടില്ല

ജീവനക്കാരുടെ കുറവ് നികത്തും

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണൂര്‍-കൊച്ചുവേളിയായി ചുരുക്കാനുള്ള നടപടികള്‍ റെയില്‍വേക്കില്ലെന്ന് അധികൃതര്‍. രാജ്യറാണി നിലമ്പൂര്‍-കൊച്ചുവേളിയായി തുടരുമെന്ന് റെയില്‍വേ പാലക്കാട് ഡിവിഷന്‍ ഓഫീസ് അറിയിച്ചു.
പാലക്കാട് ഡിവിഷനിലെ ജീവനക്കാരുടെ കുറവ് നികത്താനും ശ്രമം തുടങ്ങി. നിയമനം നടക്കുന്നതോടെ നിലമ്പൂര്‍ ‍- ഷൊര്‍ണൂര്‍ പാതയിലെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തത്.

മതിയായ ജീവനക്കാരില്ലാതെ നിലവിലുള്ള ജീവനക്കാരെ മാത്രം വെച്ച് ട്രെയിന്‍ ഓടിക്കാന്‍ കഴിയാത്ത സാഹചര്യമാണ് റെയില്‍വേക്കുള്ളത്.
മതിയായ ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ നിര്‍ത്തിവെച്ച മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും പുനസ്ഥാപിക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് റെയില്‍വേ. പാലക്കാട് ഡിവിഷന് കീഴില്‍ മാത്രം 70ഓളം സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഒഴിവുണ്ട്. നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ സ്‌റ്റേഷനുകളിലാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുടെ കുറവുള്ളത്. ഇത് നികത്താനായി സതേണ്‍ റെയില്‍വേയുടെ കീഴിലെ മറ്റ് ഡിവിഷനുകളില്‍നിന്ന് പാലക്കാട് ഡിവിഷനിലേക്ക് ജീവനക്കാരെ മാറ്റി നിയമനം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അധികൃതര്‍ അറിയിച്ചു.

പാലക്കാട് ഡിവിഷനില്‍ ജോലിക്ക് ചേരുന്നതനുസരിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് നിയമനങ്ങളൊന്നും നടന്നിട്ടില്ല.
മദ്രാസ്, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പാലക്കാട് ഡിവിഷന് കീഴില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിയമിക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് റെയില്‍േവ ഉത്തരവിറക്കിയതായാണ് വിവരം. ഘട്ടംഘട്ടമായി ഓരോ ട്രെയിനുകളും പുനഃസ്ഥാപിക്കുമെന്ന് റെയില്‍േവ പാലക്കാട് ഡിവിഷന്‍ മാനേജര്‍ തൃലോക് കോത്താരി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

Latest