National
അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം
ചോദ്യോത്തര വേളക്കിടെ ലോക്‌സഭയും, രാജ്യസഭയും പിരിഞ്ഞു.
ന്യൂഡല്‍ഹി| അദാനി വിഷയത്തില്‍ ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം. ചോദ്യോത്തര വേളക്കിടെ ലോക്‌സഭയും, രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. അദാനി വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശം ഉയര്‍ത്തി. ഇത് പ്രതിപക്ഷ നിരയില്‍ അസ്വാരസ്യം ഉണ്ടാക്കി.
ചോദ്യോത്തര വേളയില്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നു. രാജ്യസഭയില്‍ ചെയറിനടുത്തെത്തി ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് മുദ്രാവാക്യം മുഴക്കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സഭാ അധ്യക്ഷന്മാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ഇരു സഭകളും പന്ത്രണ്ട് മണി വരെ നിര്‍ത്തിവെച്ചു.
മമതയും അദാനിയും മോദിയും തമ്മില്‍ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ മമത മിണ്ടാത്തതെന്നുമാണ് ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം. അദാനിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസും ടിഎംസിയും രണ്ട് തട്ടിലായിരുന്നു. ജെപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍, സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.