National
അദാനി വിഷയത്തില്‍ പ്രതിഷേധം; അഞ്ചാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു
അദാനി വിഷയത്തില്‍ സ്ഥിരമായി സഭ സ്തംഭിക്കുന്നതിനാല്‍ മറ്റു ജീവല്‍ പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെന്ന അഭിപ്രായവുമായി ഇന്ത്യാ സഖ്യത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
ന്യൂഡല്‍ഹി | അദാനി വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക് സഭയില്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു.
പിന്മാറാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നു സഭ പിരിഞ്ഞു. പന്ത്രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. രാജ്യസഭയിലും ചെയര്‍മാന്‍ ചര്‍ച്ച അനുവദിച്ചില്ല. പ്രതിപക്ഷത്തെ കണക്കറ്റ് വിമര്‍ശിച്ച് ജഗദീപ് ധന്‍കര്‍ രാജ്യസഭ നാളത്തേക്ക് പിരിച്ചുവിട്ടു.
അദാനി വിഷയത്തില്‍ സ്ഥിരമായി സഭ സ്തംഭിക്കുന്നതിനാല്‍ മറ്റു ജീവല്‍ പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെന്ന അഭിപ്രായവുമായി ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്‌ക്കരിച്ചു. ബംഗാളിലെ വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യ സഖ്യ യോഗം ബഹിഷ്‌ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്റിലെ പ്രതിഷേധത്തിലും പങ്കെടുത്തില്ല. എന്‍സിപിക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
അദാനി, മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാടിന് സഹായം, കര്‍ഷക പ്രതിഷേധം വിഷയങ്ങള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയെങ്കിലും അദാനി വിഷയത്തില്‍ ഇരു സംഭകളും സ്തംഭിച്ചു. ഇന്ത്യ ചൈന വിഷയത്തില്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ലോക് സഭയില്‍ നടത്താനിരുന്ന പ്രസ്താവനയും മാറ്റി വച്ചു.
സഖ്യകക്ഷികള്‍ എതിര്‍പ്പ് അറിയിച്ചതോടെ അദാനി വേണ്ട ഭരണഘടനയിലായാലും ചര്‍ച്ച മതിയെന്ന നിലപാടിലായി കോണ്‍ഗ്രസ്. ഈയാവശ്യവുമായി സ്പീക്കറെ കണ്ടെങ്കിലും അനുകൂല പ്രതികരണം കിട്ടിയിട്ടില്ല. ഭരണഘടനയില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്തിയാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചിട്ടില്ല. ചര്‍ച്ച കൂടാതെ ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കാമെന്നതിനാല്‍ സര്‍ക്കാരും ഇതൊരവസരമായി കാണുകയാണ്.