Connect with us

International

ഗസ്സയിലെ രക്തച്ചൊരിച്ചില്‍ നിര്‍ത്തിയതില്‍ പ്രതിഷേധം; ഇസ്‌റാഈല്‍ സുരക്ഷാ മന്ത്രി രാജിവെച്ചു

യുദ്ധം പുനരാരംഭിച്ചാല്‍ സര്‍ക്കാറിലേക്ക് തിരിച്ചെത്തുമെന്ന് വിശദീകരണം

Published

|

Last Updated

ടെല്‍ അവീവ് | ഗസ്സയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചതില്‍ ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ രാജി. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതിന് പിന്നാലെ ഇസ്‌റാഈലിലെ നെതന്യാഹു സര്‍ക്കാറിന് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു. പാര്‍ട്ടി നേതാവായ ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരാണ് രാജിവെച്ചത്.

യുദ്ധം പുനരാരംഭിച്ചാല്‍ പാര്‍ട്ടി സര്‍ക്കാറിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്നും ബെന്‍ ഗ്വിര്‍ ജറുസലേമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരക്ഷാ വകുപ്പ് മന്ത്രിക്ക് പുറമെ പൈതൃക വകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവരാണ് രാജിവെച്ചര്‍. ബെഞ്ചമിന്‍ നെത്യന്യാഹുവിന് മന്ത്രിമാര്‍ രാജികത്ത് സമര്‍പ്പിച്ചു.

ഗസ്സയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണ സഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടി പിന്മാറുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് വിരാമമിട്ട് ഇന്ന് മുതലാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

Latest