Kerala
പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധം; തൃശൂര്‍ പൂരം വെടിക്കെട്ട് നടന്നത് ഇന്ന് രാവിലെ
സാധാരണയില്‍ നിന്നും നാല് മണിക്കൂര്‍ വൈകി ഏഴോടെയാണ് വെടിക്കെട്ട് തുടങ്ങിയത്
തൃശൂര്‍ | പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് നടന്നത് ഇന്ന് രാവിലെ. സാധാരണയില്‍ നിന്നും നാല് മണിക്കൂര്‍ വൈകി ഏഴോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു.
പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയത്.വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം.
പുലര്‍ച്ചെ മന്ത്രി കെ രാജന്‍, കലക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെതന്നെ നടത്താനും തീരുമാനമായത്.
വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ ആളുകളെ പോലീസ് തടഞ്ഞത് തര്‍ക്കത്തിനും പിന്നാലെ പ്രതിഷേധത്തിനും ഇടയാക്കി. പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തിയായിരുന്നു പ്രതിഷേധം. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.