Connect with us

National

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനം: വിനേഷ് ഫോഗട്ട്

പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന് ബജ്രംഗ് പുനിയ

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമെന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. എഐസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനേഷ്.

മത്സരങ്ങളില്‍ തോല്‍വി ഉണ്ടായിട്ടില്ല. പുതിയയിടത്തും അങ്ങനെ തന്നെ ,പോരാട്ടം അവസാനിച്ചിട്ടില്ലെന്നും താരം പറഞ്ഞു. കുട്ടികളുടെയും വനിതകളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന് ബജ്രംഗ് പുനിയയും പറഞ്ഞു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് കടക്കാനിരിക്കെയാണ് രണ്ട് താരങ്ങളുടേയും കോണ്‍ഗ്രസ് പ്രവേശം. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി താരങ്ങള്‍ ഇന്ന് റെയില്‍വേയിലെ ഉദ്യോഗം രാജിവെച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയിലെത്തി  ഖാര്‍ഗയും കെസി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരുവരും എഐസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

2023ല്‍ മുന്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.

പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോ ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗം ഫൈനലില്‍ മത്സരിക്കാനിരിക്കെയാണ് വിനീഷിനെ അയോഗ്യയാക്കിയത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയായിരുന്നു നടപടി.ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി താരം ഏറ്റുവാങ്ങിയത്.

---- facebook comment plugin here -----

Latest