Connect with us

samastha conference

പ്രൗഢമായി സമസ്ത പണ്ഡിത സമ്മേളനം; മഹല്ലുകളുടെ ധാര്‍മിക പരിപോഷണത്തിന് മതപണ്ഡിതര്‍ ജാഗ്രത പുലർത്തണം- കുമ്പോല്‍ തങ്ങള്‍

ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 500ലേറെ മത പണ്ഡിതര്‍ സംഗമിച്ച സമ്മേളനത്തിൽ ആനുകാലിക വിഷയങ്ങളില്‍ പണ്ഡിത നിലപാട് വിശദീകരിച്ചു.

Published

|

Last Updated

കാസര്‍കോട് | ലഹരിയടക്കമുള്ള സാമൂഹിക വിപത്തുകള്‍ നാടിന് വലിയ ഭീഷണിയായ സാഹചര്യത്തില്‍ മഹല്ലുകളുടെ ധാര്‍മികാന്തരീക്ഷം സംരക്ഷിക്കാന്‍ ഖത്തീബുമാരും ഇമാമുമാരും മതാധ്യാപക മേഖലയിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമസ്ത ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത പണ്ഡിതര്‍ക്ക് സത്യം തുറന്നു പറയാന്‍ സ്വാതന്ത്ര്യമുണ്ടാകണം. അരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള സാഹചര്യം മഹല്ല് നേതൃത്വം മത പണ്ഡിതര്‍ക്ക് നല്‍കണം. ലഹരിക്ക് അടിമപ്പെടുന്ന യുവതലമുറയെ ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാനാകണം. ധാര്‍മിക ബോധം പകരുന്ന ക്ലാസ്സുകളും വ്യക്തിഗത പ്രബോധനങ്ങളും ഉണ്ടാകണം. പള്ളി ദര്‍സുകളുടെ പരിപോഷണത്തിന് ശ്രമങ്ങളുണ്ടാകണമെന്നും തങ്ങള്‍ ഉണര്‍ത്തി.

ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 500ലേറെ മത പണ്ഡിതര്‍ സംഗമിച്ച സമ്മേളനത്തിൽ ആനുകാലിക വിഷയങ്ങളില്‍ പണ്ഡിത നിലപാട് വിശദീകരിച്ചു. ഏക സിവില്‍ കോഡ് നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥന നടത്തി. സംസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.

സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, മൂസല്‍ മദനി തലക്കി, മൊയ്ദു സഅദി ചേരൂര്‍, സകരിയ്യ ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി, അബ്ദുർറഹ്‌മാന്‍ അഹ്‌സനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്രാഹിം ദാരിമി ഗുണാജ, ബേക്കല്‍ അഹ്‌മദ് മുസ്‌ലിയാര്‍, കെ പി അബ്ദുർറഹ്‌മാന്‍ സഖാഫി പഴയകടപ്പുറം, എം പി അബ്ദുല്ല ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പ്രസംഗിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.

Latest