Connect with us

hijab ban

പ്രൊവിഡൻസ് സ്‌കൂളിൽ ശിരോവസ്ത്ര വിലക്ക്; വിദ്യാർഥിനി ടി സി വാങ്ങി

മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമില്ല

Published

|

Last Updated

കോഴിക്കോട് | ശിരോവസ്ത്രം അനുവദിക്കാത്ത സാഹചര്യത്തിൽ പ്ലസ് വൺ വിദ്യാർഥിനി ടി സി വാങ്ങി സ്‌കൂൾ വിട്ടു. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് ചേർന്ന വിദ്യാർഥിനിയാണ് സ്‌കൂൾ അധികൃതരുടെ ശിരോവസ്ത്ര വിലക്കിനെത്തുടർന്ന് സ്‌കൂളിൽ നിന്ന് ഒഴിവായത്. പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ വിദ്യാർഥിനിക്ക് പ്രൊവിഡൻസ് സ്‌കൂളിൽ സീറ്റ് ലഭിച്ചിരുന്നു. അഡ്മിഷന് വേണ്ടി ഹാജരായ അവസരത്തിലാണ് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് രക്ഷിതാവിനോടും വിദ്യാർഥിനിയോടും പ്രിൻസിപ്പൽ പറഞ്ഞത്. ഇതേത്തുടർന്ന് രക്ഷിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സ്‌കൂളിൽ നിന്നുള്ള പിൻമാറ്റം.

അതേസമയം, പ്രൊവിഡൻസ് സ്‌കൂളിൽ ഗേറ്റിനടുത്ത് വരെ ശിരോവസ്ത്രം ധരിച്ച് എത്തുന്ന വിദ്യാർഥികൾ സ്‌കൂൾ വളപ്പിലേക്ക് കടക്കുമ്പോൾ തട്ടം അഴിച്ച് ബാഗിലിടുന്ന സാഹചര്യമാണെന്ന് വിദ്യാർഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ശിരോവസ്ത്രം അനുവദിക്കാതെ സ്‌കൂളിൽ നിന്ന് വിദ്യാർഥിനിക്ക് ഒഴിവാകേണ്ടി വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത ഇ കെ വിഭാഗം നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറിയും വിഷയത്തിൽ പ്രതികരിക്കണം. വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യത്തിൽ ന്യായീകരണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കർണാടകയിൽ പോയി ഹിജാബ് വിഷയത്തിൽ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കോഴിക്കോട്ടെ മുഖ്യമന്ത്രിയുമെന്ന് ഓർമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന അനുവദിച്ച അവകാശത്തിൽ ഇപ്പോൾ നിഷേധം നടക്കുകയാണ്. സർക്കാർ ഉടൻ പ്രശ്നത്തിൽ ഇടപെടണമെന്ന് ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പ്രതികരിച്ചു. ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിച്ച സാഹചര്യത്തിൽ വിദ്യാർഥിനിക്ക് സ്‌കൂൾ വിടേണ്ടിവന്ന സാഹചര്യം മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

Latest