Connect with us

Health

അരിവാൾ രോഗത്തെ തടയും; ജീൻ തെറാപ്പി വികസിപ്പിക്കാൻ ഇന്ത്യ

2025 ജനുവരിയോടെ ഇന്ത്യയുടെ പരീക്ഷണം ഫലം കാണും എന്നാണ് സൂചന

Published

|

Last Updated

ന്യൂഡൽഹി | ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതകരോഗമാണ് സിക്കിൽ സെൽ അനീമിയ അഥവാ അരിവാൾ കോശ രോഗം. അരിവാൾ രൂപത്തിലുള്ള ചുവന്ന രക്താണുക്കൾ രക്തക്കുഴലുകളിൽ കുടുങ്ങി രക്തയോട്ടത്തെ തടയുകയും വേദനക്കും ടിഷ്യൂ തകരാറിനും കാരണമാകുകയും ചെയ്യുന്നതാണ് അരിവാൾ രോഗം.

കടുത്ത വിളർച്ച, കൈ കാൽ സിൻഡ്രോം, വളർച്ച വൈകൽ, അപസ്മാരം, ഹൃദയാഘാതം, കോമ തുടങ്ങിയവ അരിവാൾ രോഗം മൂലം ഉണ്ടാകാം. ജനിതകമായി ലഭിക്കുന്ന രോഗം സാധാരണയായി ആദിവാസികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇന്ന് അരിവാൾ രോഗം തടയാനായി പ്രവർത്തിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും വരുന്നത്.

അരിവാൾ കോശ രോഗത്തെ തടയാൻ ജീൻ തെറാപ്പി വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ അടുക്കുകയാണ് എന്നതാണ് ആ സന്തോഷകരമായ വാർത്ത. 2025 ജനുവരിയോടെ ഇന്ത്യയുടെ പരീക്ഷണം ഫലം കാണും എന്നാണ് സൂചന. ജീൻ എഡിറ്റിംഗ് ടൂളായ CRISPR- Cs9 ഉപയോഗിച്ച് ഒരു ജീൻ തെറാപ്പി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനമാണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.

പരിശോധനകൾ അവസാന ഘട്ടത്തിലാണ്. ഇനി രോഗികളിൽ പരിശോധന നടത്തി വിജയിക്കുക കൂടി ചെയ്താൽ അരിവാൾ രോഗത്തിനായി ജീൻ തെറാപ്പി വികസിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. 2023 ൽ ജീൻ തെറാപ്പിക്ക് വേണ്ടിയുള്ള CRISPR- Ca9 സാങ്കേതികവിദ്യയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു. ഈ തെറാപ്പി ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യുകയാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി.

Latest