Kerala
പി എസ് സി നിയമന കൈക്കൂലി; അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി ,പാര്‍ട്ടി കോടതി വേണ്ടെന്ന് പ്രതിപക്ഷനേതാവ്
രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്‌സിയെന്നും ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ലെന്നും അംഗങ്ങളുടെ നിയമനം സുതാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
തിരുവനന്തപുരം | പി എസ് സി അംഗത്വം കിട്ടാന്‍ സിപിഎം നേതാവിന് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം ഗൗരവമേറിയതാണ്. മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന വിവരമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.പോലീസ് വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സി അംഗത്വം ലേലത്തില്‍ വെക്കുന്നു. പണം നല്‍കി ആ പോസ്റ്റില്‍ വന്ന് ഇരുന്നാല്‍ പിന്നെ പി എസ് സിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത് ?. സി പി എമ്മിലെ ആഭ്യന്തര കാര്യമല്ല ഇത്. പാര്‍ട്ടി പോലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും പോരാ ഇതിനെന്നും ഇത്തരം പണം വാങ്ങുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നത് ഗൗരവകരമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്‌സിയെന്നും ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ലെന്നും അംഗങ്ങളുടെ നിയമനം സുതാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
വിഷയത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും മാധ്യമ വാര്‍ത്ത അല്ലാതെ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കോഴ ആരോപണം സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.