Connect with us

From the print

സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പി എസ് സിക്ക് അധികാരമില്ല

സര്‍ക്കാര്‍ നിര്‍ദേശം നിരാകരിക്കുന്നത് അധികാരപരിധി മറികടക്കുന്നതാണ്. പി എസ് സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ മാത്രമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പി എസ് സിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം തള്ളിയ പി എസ് സി തീരുമാനത്തിനെതിരെയുള്ള ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രംനാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബഞ്ച് പി എസ് സിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം തള്ളാന്‍ പി എസ് സിക്ക് അധികാരമില്ല. സര്‍ക്കാര്‍ നിര്‍ദേശം നിരാകരിക്കുന്നത് അധികാരപരിധി മറികടക്കുന്നതാണെന്നും ബഞ്ച് പറഞ്ഞു. പി എസ് സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ മാത്രമാണ്. ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുക, റാങ്ക് പട്ടിക വിപുലീകരിക്കുക തുടങ്ങിയ അധികാരം തൊഴില്‍ദാതാവായ സംസ്ഥാന സര്‍ക്കാറിന്റേതാണെന്നും ബഞ്ച് വ്യക്തമാക്കി.

ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സര്‍ക്കാറിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസൃതമായി ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുക, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നിവയാണ് പി എസ് സിയുടെ ചുമതലയെന്നും ബഞ്ച് വ്യക്തമാക്കി.

തൊഴില്‍ദാതാവ് എന്ന നിലയില്‍ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അധികാരത്തിലേക്ക് പി എസ് സി കടന്നുകയറുന്നത് ശരിയല്ല. കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി റാങ്ക് പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പി എസ് സിക്ക് ബാധ്യതയുണ്ട്. അത് നിരാകരിക്കുന്നത് അധികാരപരിധി മറികടക്കുന്നതാണെന്നും ബഞ്ച് വ്യക്തമാക്കി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിന് 2014ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീണ്ടുപോയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ് 2020ല്‍ പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒരുപാട് പുതിയ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ സര്‍ക്കാറിന് റാങ്ക് പട്ടിക വിപുലീകരിക്കമെന്ന് നിര്‍ദേശം നല്‍കാന്‍ അധികാരമുണ്ട്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ്, ആനന്ദ് ബി മേനോന്‍ എന്നിവര്‍ ഹാജരായി.