Kerala
എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി എസ് സി പരീക്ഷ ചോര്‍ച്ച കേസ്; പിഴവു തീര്‍ത്ത കുറ്റപത്രം കോടതി അംഗീകരിച്ചു
തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം | എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിലെ സാങ്കേതിക പിഴവകള്‍ പരിഹരിച്ച് ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രമാണ് ഇപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2018 ജൂലൈയില്‍ നടന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ക്ക് ഒന്നും രണ്ടും 28ഉം റാങ്ക് ലഭിച്ചിരുന്നു.
ഇവര്‍ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയര്‍ന്നതോടെ അന്വേഷണത്തിനു ഉത്തരവിട്ടത്. തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളില്‍ ഇവരെഴുതിയ പരീക്ഷയില്‍ ഇവര്‍ക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി.
യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാഹാളില്‍നിന്ന് ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പര്‍ ഫോട്ടോയെടുത്ത് പോലീസുകാരനായ ഗോകുലിന് അയച്ചുനല്‍കി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേര്‍ന്ന് ഇവയുടെ ഉത്തരങ്ങള്‍ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു.
പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.