Connect with us

Kerala

ആരാധാനാ സ്വാതന്ത്ര്യം ഹനിക്കുന്ന പി എസ് സി പരിക്ഷാ സമയക്രമം പുനപരിശോധിക്കണം: എസ് എസ് എഫ്

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കും ഈ ആവശ്യം ഉന്നയിച്ച് എസ് എസ് എഫ് നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിൽ പരീക്ഷകൾക്ക് സമയം നിശ്ചയിക്കുന്നത് ഉത്തരവാദപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ്. പി എസ് സി ഹയർ സെക്കൻഡറി ടീച്ചേഴ്സ് ഹിസ്റ്ററി പരീക്ഷ ജൂലെെ 22ന് വെള്ളിയാഴ്ച ജുമുഅയുടെ സമയത്ത് നിശ്ചയിച്ച സാഹചര്യത്തിൽ ഈ പരീക്ഷയുടെ സമയക്രമം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ പി എസ് സി ചെയർമാന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം മുസ് ലിംകളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായതു കൊണ്ട് ജുമുഅക്ക് തടസ്സം വരാത്ത വിധമായിരുന്നു പരീക്ഷകളുടെ ക്രമീകരണം. സമീപകാലത്ത് ആ പതിവ് തെറ്റുകയാണ്. ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിൽ പരീക്ഷകൾക്ക് സമയം നിശ്ചയിക്കുന്നത് ഉത്തരവാദപ്പെട്ടവർ അവസാനിപ്പിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രണ്ടാം വർഷ ഹയർസെക്കൻഡറി സേ – ഇംപ്രൂവ്മെന്റ് പരീക്ഷാ ടൈം ടേബിളിൽ 29 ന് വെള്ളിയാഴ്ച പരീക്ഷ കടന്നുവരുന്നുണ്ട്. കഴിഞ്ഞ ജൂണിലും ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയും വെള്ളിയാഴ്ച ദിവസം നടത്തിയിരുന്നു. ഇപ്പോൾ പി എസ് സി നിശ്ചയിച്ചിട്ടുള്ള ഹയർസെക്കൻഡറി ചരിത്രാധ്യാപക പരീക്ഷയും ഇരുപത്തിരണ്ടാം തിയ്യതി വെള്ളിയാഴ്ചയാണ്. സമയക്രമമാണെങ്കിൽ 11.15 മുതൽ 1.45 വരെയാണ്. സാധാരണ രാവിലെ പത്ത് മുതലോ, ഉച്ചക്ക് ശേഷമോ നടന്നിരുന്ന പരീക്ഷയിൽ അസാധാരണമായ സമയമാറ്റം സംഭവിക്കുകയാണ്. ഉദ്യോഗാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ ജുമുഅ നഷ്ടപ്പെടുത്തും വിധമുളള പരീക്ഷ ക്രമീകരണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കും ഈ ആവശ്യം ഉന്നയിച്ച് എസ് എസ് എഫ് നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.

Latest