pt thomas death
പി ടിയുടെ ഭൗതികദേഹം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനമൊഴുകുന്നു
കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കൊച്ചി | അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം എല്‍ എയുമായ പി ടി തോമസിന്റെ ഭൗതികദേഹം അദ്ദേഹത്തിന്റെ കർമമണ്ഡലമായ തൃക്കാക്കരയിലെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വൈകാതെ ഇവിടെയെത്തും. പാലാരിവട്ടത്തെ വസതിയിലും ഡി സി സി ഓഫീസിലും ടൗൺഹാളിലും പ്രദർശനത്തിന് വെച്ച ശേഷമാണ് ഇവിടെയെത്തിച്ചത്. കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
വസതിയിൽ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് അന്തിമോപചാരം അര്‍പ്പിക്കാനാണ് അവസരം നൽകിയത്. മന്ത്രി കൃഷ്ണന്‍കുട്ടി, കെ സുധാകരന്‍, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള ഏതാനും നേതാക്കള്‍ ഇവിടെ എത്തിയിരുന്നു. ഇവിടെ നിന്നും മൃതദേഹം ഡി സി സി ഓഫീസിലേക്കും പിന്നീട് എറണാകുളം ടൗണ്‍ഹാളിലേക്കും കൊണ്ടുപോയി.
ആദ്യ കര്‍മണ്ഡലമായ തൊടുപുഴയിലെ ഡി സി സി ഓഫീസില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം പാലാരിവട്ടത്ത് എത്തിച്ചത്. തൊടുപുഴയില്‍ നൂറ്കണക്കിന് പേര്‍ അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ തടിച്ച്കൂടിയിരുന്നു. ഇതിന് മുമ്പ് ഇടുക്കി ഉപ്പുതോട്ടിലെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.
വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മതപരമായ ചടങ്ങുകളൊന്നുമില്ലാതെയാകും സംസ്‌കാരം. തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പിടി വിട പറഞ്ഞത്.