Connect with us

kpac lalitha

കെ പി എ സി ലളിതക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം അനുവദിച്ചതിനെ പരിഹസിക്കുന്നവര്‍ക്കെതിരെ പി ടി തോമസ്

കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Published

|

Last Updated

കൊച്ചി | കെ പി എ സി ലളിതക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം നല്‍കുമെന്ന തീരുമാനത്തെ പരിഹസിക്കുന്നവര്‍ക്കെതിരെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം എല്‍ എയുമായ പി ടി തോമസ്. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച ഇവരെ പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരമാനം എടുത്തത്. കെ പി എ സി ലളിതയുടെ അപേക്ഷ പ്രകാരമാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധവും പരിഹാസവും ഉയര്‍ന്നത്. ഇടത് പക്ഷ അനുഭാവി കൂടി ആയ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം അനര്‍ഹമായി നല്‍കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം.

---- facebook comment plugin here -----

Latest