pt thomas death
പി ടി തോമസ് എം എല്‍ എ അന്തരിച്ചു
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് അന്ത്യം
കൊച്ചി | തൃക്കാക്കര എം എല്‍ എയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ പി ടി തോമസ് (70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്രതിപക്ഷ നിരയിലെ ഏറ്റവും ശ്രദ്ധേയനായ എം എല്‍ എയായിരുന്നു അദ്ദേഹം. ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതടക്കം പരിസ്ഥിതി വിഷയങ്ങളില്‍ ശ്രദ്ധേയ നിലപാട് എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നിലവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ ഐ സി സി അംഗവുമാണ്. തൊടുപുഴയില്‍ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. 2009-2014 കാലയളവില്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിരുന്നു. 2016 മുതല്‍ രണ്ട് തവണ തൃക്കാക്കരയില്‍ നിന്ന് നിയമസഭയിലെത്തി. എറണാകുളവും ഇടുക്കിയുമായിരുന്നു പ്രധാനമായും പ്രവര്‍ത്തന തട്ടകം
നിലപാടുകളിലെ മൂര്‍ച്ചകൊണ്ട് നിയമസഭയില്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. മഹാരാജാസ് കോളജിലെൂടെയായിരുന്നു രാഷ്ട്രീയ രംഗത്ത് എത്തിയത്. എ കെ ആന്റണിയുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് അംഗമായിരുന്നു. പിന്നീട് ഗ്രൂപ്പിന് അതീതമായ നിലപാടുമായി പലപ്പോഴും ശ്രദ്ധപിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇടുക്കി ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനംവരെ വഹിച്ച അദ്ദേഹം 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980 മുതല്‍ കെ പി സി സി, എ ഐ സി സി അംഗമാണ്.