pink police case
പൊതുമധ്യത്തില്‍ വിചാരണ; പിങ്ക് പോലീസിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി
വഴിയില്‍കണ്ട പെണ്‍കുട്ടിയുടെ മൊബൈല്‍ എന്ത് അടിസ്ഥാനത്തിലാണ് പിങ്ക് പോലീസ് വാങ്ങുക?
കൊച്ചി | ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പൊതുമധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് വിചാരണ നടത്തിയ സംഭവത്തില്‍ സര്‍ക്കാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു.
വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണ്‍ ചോദിച്ചത്. ഈ ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് സിവില്‍ പോലീസ് ഓഫീസര്‍ രജിത പരസ്യവിചാരണ നടത്തിയത്.
ആറ്റിങ്ങലില്‍ ഐ എസ് ആര്‍ ഒയിലേക്കുള്ള യന്ത്രസാമഗ്രികള്‍ കൊണ്ടു വരുന്നതു കാണാനെത്തിയ ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് സിവില്‍ പോലീസ് ഓഫീസറായ രജിത അപമാനിച്ചത്. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പോലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. അച്ഛനെയും മകളെയും പൊതുനിരത്തില്‍ മണിക്കൂറുകളോളം പോലീസുകാരി പരസ്യവിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.