Connect with us

Kerala

കാസര്‍ഗോഡ് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കെതിരെ ജനരോഷം; തെളിവെടുപ്പിനിടെ ആക്രമണം

എന്തിനാണ് പ്രതിയുടെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു നാട്ടുകാര്‍ രോഷാകുലരായത്.

Published

|

Last Updated

കാസര്‍ഗോഡ്|കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ ജനം രോഷാകുലരായി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്കുനേരെ നാട്ടുകാര്‍ ആക്രമണവും നടത്തി. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

എന്തിനാണ് പ്രതിയുടെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു നാട്ടുകാര്‍ രോഷാകുലരായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ പോലീസ് സ്ഥലത്തുനിന്ന് കൊണ്ടുപോയത്. കുടക് സ്വദേശിയായ പ്രതി സലീമിനെ ഇന്നലെ ആന്ധ്രയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഈ മാസം 15ന് പുലര്‍ച്ചെയാണ് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു സ്വര്‍ണകമ്മല്‍ കവര്‍ന്നത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇത് കാരണം പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇയാള്‍ ഒരു വര്‍ഷത്തിലധികമായി സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഉപയോഗിച്ചിരുന്നത്.

നേരത്തെ കുടക്, മാണ്ഡ്യ, ഈശ്വരമംഗലം എന്നിവിടങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്നും പ്രതി മറ്റൊരാളുടെ ഫോണിന്‍ നിന്നും ഭാര്യയെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതോടെ ലൊക്കേഷന്‍ മനസ്സിലാക്കിയ പോലീസ് ആന്ധ്രയിലെത്തി പ്രതിയെ പിടി കൂടുകയായിരുന്നു. ഡി.ഐ ജി തോംസണ്‍ ജോസിന്റെയും ജില്ലാ പോലീസ് മേധാവി പി ബിജോയിയുടെയും മേല്‍നോട്ടത്തില്‍ മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 32 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേതെന്ന് പോലീസ് പറയുന്നു. ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതി കുറ്റകൃത്യം നടത്താറ്. മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി കാട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest