Kerala
പരസ്യപ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകരമാകരുത്; പത്മകുമാറിന്റെ വിഷമം പുറത്തുപറയേണ്ടതല്ല: എകെ ബാലന്‍
പത്മകുമാറിന്റെ വിമര്‍ശനം പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താകാമെന്നും എ കെ ബാലന്‍

പാലക്കാട് | സംസ്ഥാനത്ത് മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എകെ ബാലന്‍. ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിചാരിച്ചതിലും അപ്പുറത്ത് ചര്‍ച്ചകള്‍ നടന്നു.എല്ലാവരെയും സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ പറ്റില്ല. പിണറായി വിജയനെ നിലനിര്‍ത്തിയത് ഔദാര്യത്തിന്റെ പുറത്തല്ല മുഖ്യമന്ത്രിയായതു കൊണ്ടാണെന്നും എ കെ ബാലന്റെ പറഞ്ഞു.
എല്ലാവരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനാകില്ല. അതിനര്‍ത്ഥം ഇവര്‍ മോശക്കാരാകുന്നില്ല. പത്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാര്‍ട്ടി ആരെയും മനപ്പൂര്‍വം നശിപ്പിക്കില്ല. പരസ്യ പ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകമാകരുതെന്നും പത്മകുമാറിന്റെ വിമര്‍ശനം പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താകാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. എം.ബി രാജേഷ് മികച്ച നേതാവാണ്. അയാള്‍ മോശക്കാരനായതു കൊണ്ടല്ല ഒഴിവാക്കിയത്. രാജേഷിന് അസംതൃപ്തിയില്ല. കേഡര്‍മാരെ നോക്കിയാണ് കണ്ണൂരിന് പ്രാമുഖ്യം നല്‍കുന്നത്. സമ്മേളന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ചോരുന്നത് ഗൗരവമായി കാണമെന്നും എ കെ ബാലന്‍ പറഞ്ഞു.