Kerala
പ്രമോഷന്‍ കിട്ടാത്തതില്‍ പരസ്യ പ്രതികരണം; സി പി എമ്മില്‍ അസാധാരണ സാഹചര്യം
എ പത്മകുമാറിനു പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി പി ജയരാജന്റെ മകനും എന്‍ സുകന്യയും

തിരുവനന്തപുരം | സി പി എം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഇടം ലഭിക്കാത്തതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ സി പി എം സംഘടനാ രീതിയില്‍ അസാധാരണം.
പത്തനംതിട്ടയില്‍ നിന്നുള്ള നേതാവ് എ പത്മകുമാറാണ് ആദ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. തുടര്‍ന്ന് പരസ്യമായി ഇദ്ദേഹം തന്റെ പരാതി ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടി നടപടിയെ ഭയപ്പെടുന്നില്ലെന്നും പാര്‍ട്ടിബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ അവിടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി ജയരാജനെ സംസ്ഥാന സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തുമെന്നു മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. സമ്മേളനത്തെ തുടര്‍ന്ന് പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് അച്ഛനെ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധമാണെന്ന് വ്യാഖ്യാനമുണ്ടായി. ‘വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതിക്ഷിച്ചിരുന്നുവോ’ എന്ന എം സ്വരാജിന്റെ മുന്‍കാല പോസ്റ്റാണ് ജയിന്‍ രാജ് പങ്കു വെച്ചത്.
കണ്ണൂരില്‍ നിന്ന് എന്‍ സുകന്യ സംസ്ഥാന കമ്മിറ്റിയില്‍ എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും പ്രതിഷേധ സൂചകമാണെന്ന് വിലയിരുത്തപ്പെടുന്നു. ‘ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍, നീ എന്റെ ഒരു സഖാവാണ്’ എന്ന ചെഗുവേരയുടെ വാക്യമാണ് സുകന്യ പോസ്റ്റ് ഇട്ടിരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ഇത്തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാവുന്നത് സി പി എമ്മില്‍ ആദ്യമാണ്. പോസ്റ്റ് നേതൃത്വത്തിനെതിരായ വിമര്‍ശനമല്ലെന്ന് സുകന്യ വിശദീകരിച്ചു. അസാധാരണ സാഹചര്യത്തെ പാര്‍ട്ടി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.