editorial
പിന്നെയും നഷ്ടക്കണക്കുമായി പൊതുമേഖല
കെ എസ് ആർ ടി സി ഉൾപ്പെടെ പല പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാറിന്റെ നിരന്തരമുള്ള സഹായത്തിന്റെ ബലത്തിലാണ് നിലനിൽക്കുന്നത്. കെടുകാര്യസ്ഥത, സാമ്പത്തിക അച്ചടക്കമില്ലായ്മ, യൂനിയൻ നേതൃത്വങ്ങളുടെ ഇടപെടൽ, അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിലെ ക്രമക്കേട് തുടങ്ങി വിവിധ കാരണങ്ങളാണ് നഷ്ടത്തിനു പിന്നിൽ.

പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്തിന് കനത്ത ഭാരമായി തന്നെ തുടരുന്നു. കേരളത്തിലെ 149 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവർത്തനത്തിലുള്ള 131 എണ്ണത്തിൽ 77ഉം വൻ നഷ്ടത്തിലാണെന്നാണ് സി എ ജിയുടെ പുതിയ റിപോർട്ട് വെളിപ്പെടുത്തുന്നത്. മൂലധനത്തേക്കാൾ ഇരട്ടിയോളമാണ് 44 എണ്ണത്തിന്റെ നഷ്ടം. 5,954.33 കോടിയാണ് മൂലധനം. നഷ്ടം 11,227.04 കോടിയും. ഒമ്പത് സ്ഥാപനങ്ങളുടെ കടം അവയുടെ ആസ്തിയേക്കാൾ നാലിരട്ടി വരും. 1,499.98 കോടി മൂലധനമുള്ള സ്ഥാപനങ്ങളുടെ കടബാധ്യത 4,310.63 കോടിയാണ്. ആസ്തികൾ വിറ്റാൽ പോലും അവയുടെ കടം തീർക്കാനാകില്ല.
എക്കാലത്തും സർക്കാറുകൾക്ക് തലവേദനയാണ് പൊതുമേഖലാ കമ്പനികൾ. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കേണ്ട ഈ സ്ഥാപനങ്ങൾ പൊതുഖജനാവിന് കനത്ത ഭാരമാകുകയാണ്. കെ എസ് ആർ ടി സി ഉൾപ്പെടെ പല പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാറിന്റെ നിരന്തരമുള്ള സഹായത്തിന്റെ ബലത്തിലാണ് നിലനിൽക്കുന്നത്. കെടുകാര്യസ്ഥത, സാമ്പത്തിക അച്ചടക്കമില്ലായ്മ, യൂനിയൻ നേതൃത്വങ്ങളുടെ ഇടപെടൽ, അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിലെ ക്രമക്കേട് തുടങ്ങി വിവിധ കാരണങ്ങളാണ് നഷ്ടത്തിനു പിന്നിൽ. ടെൻഡർ വിളിക്കാതെ അസംസ്‌കൃത വസ്തുക്കൾ വാങ്ങിയത് മൂലം കേരള മിനറൽ ആൻഡ് മെറ്റൽസി (കെ എം എം എൽ)ന് 23.7 കോടിയുടെ നഷ്ടമുണ്ടായതായി സി എ ജി റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് സംസ്ഥാനത്ത് ഓരോ തിരഞ്ഞെടുപ്പിലും ഇരു മുന്നണികളും വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പ്രകടനപത്രികയിൽ സ്ഥാപനങ്ങൾ ലാഭകരമാക്കുന്നതിനും സംരക്ഷിക്കുന്നതിനും മാർഗരേഖ തന്നെ അവതരിപ്പിച്ചിട്ടുണ്ട് എൽ ഡി എഫ്. ഓരോ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിഗതികളും വികസന സാധ്യതകളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റർ പ്ലാൻ, സാങ്കേതിക നവീകരണം, മാനേജ്‌മെന്റ്പരിഷ്‌കരണം, തൊഴിൽപരിശീലനം, പുതിയ മാർക്കറ്റിംഗ് രീതി, ധനപരമായ പുനഃസംഘാടനം തുടങ്ങിവയാണ് പ്രകടനപത്രിക മുന്നോട്ടുവെച്ച ആസൂത്രണ രീതി. ഇതുവഴി വാണിജ്യാടിസ്ഥാനത്തിൽ ബേങ്ക് വായ്പയെ ആശ്രയിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിലനിൽക്കാനും വളരാനും സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും പത്രിക പറയുന്നു. ഇത് പ്രാവർത്തികമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഓരോ വർഷവും പുറത്തുവരുന്ന ലാഭനഷ്ടക്കണക്ക് വ്യക്തമാക്കുന്നത്.
1986 മുതൽ തുടർച്ചയായി നഷ്ടത്തിലോടുന്ന 18 സ്ഥാപനങ്ങൾ എത്രയും വേഗം അടച്ചുപൂട്ടണമെന്നാണ് സി എ ജിയുടെ നിർദേശം. അതേസമയം, ഒരു സ്ഥാപനവും അടച്ചുപൂട്ടില്ലെന്നും അത് സർക്കാർ നയമല്ലെന്നുമാണ് ഇതിനോടുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണം. സ്ഥാപനങ്ങളെ സംരക്ഷിക്കുകയും പരമാവധി സംരക്ഷിച്ച് പൊതുമേഖലയിൽ തന്നെ നിലനിർത്തുകയുമാണ് സർക്കാർ നയം. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പുനരുജ്ജീവനത്തിന് സർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടണമെന്ന് സി എ ജി നിർദേശിച്ച 18 സ്ഥാപനങ്ങളിൽ പലതും ദശകങ്ങളായി പ്രവർത്തനം നിർത്തിയതാണ്. കേരള സ്‌പെഷ്യൽ റിഫ്രാക്ടറീസ് 1996ലും കെൽട്രോൺ പവർ ഡിവൈസസ് 2005ലും കെൽട്രോൺ റെക്ടിഫയേഴ്‌സ് 2006ലും കേരളാ ഗാർമെന്റ്‌സ് 2007ലും പ്രവർത്തനം നിർത്തിയതാണെന്നും മന്ത്രി വിശദമാക്കി.
നേരത്തേ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു ധനകാര്യവകുപ്പ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയം ഭരണാവകാശം നൽകുകയാണ് മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടി സി സി മാനേജിംഗ് ഡയറക്ടർ ഹരികുമാർ തുടങ്ങിയവരടങ്ങിയ വിദഗ്ധ സമിതി 2022 ഏപ്രിലിൽ സമർപ്പിച്ച റിപോർട്ടിലെ പ്രധാന നിർദേശം. ഇതനുസരിച്ച് സ്ഥാപനങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയില്ലാതെ സ്വന്തം ഈടിന്മേൽ ബേങ്കുകളിൽ നിന്ന് വായ്പയെടുക്കാനും തൊഴിലാളികളെ പുനർവിന്യസിക്കാനും അപ്രസക്തമായ തസ്തികകൾ നിർത്തലാക്കാനുമുള്ള അധികാരമുണ്ടാകും.
ശമ്പള പരിഷ്‌കരണം ശരാശരി ലാഭത്തിന്റെ 25 ശതമാനത്തിൽ കവിയാത്ത തരത്തിലായിരിക്കണമെന്നും സമിതി നിർദേശിക്കുന്നു. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ മാത്രമാകും സർക്കാറിന്റെ അധികാരം. ഇതുവഴി സ്ഥാപനങ്ങളിന്മേലുള്ള രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നിലവിലുള്ള ചില പൊതുമേഖലാ സ്ഥാപനങ്ങളെ പി പി പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപേഷൻ) അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് ഈ മാസമാദ്യം കൊല്ലത്ത് ചേർന്ന സി പി എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനരേഖയിൽ പറയുന്നുണ്ട്. പൊതുമേഖലാ കമ്പനികളുടെ നടത്തിപ്പിൽ താത്പര്യമുള്ളവരെ വ്യക്തമായ നിബന്ധനയോടെ കരാർ പ്രകാരം പങ്കാളികളാക്കാവുന്നതാണെന്നും “നവകേരളത്തെ നയിക്കാൻ പുതുവഴികൾ’എന്ന വികസന രേഖയിൽ നിർദേശിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനോട് കടുത്ത വിയോജിപ്പായിരുന്നു ഇക്കാലമത്രയും സി പി എമ്മിന്. സാമ്പത്തിക പിന്തുണ നൽകി പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി അനുവദിക്കാത്ത സാഹചര്യത്തിലായിരിക്കണം പി പി പി നയത്തിലേക്ക് പാർട്ടി ഇറങ്ങിവന്നത്. ഏതായാലും പൊതുഖജനാവിനെ കാർന്നുതിന്നുന്ന വെള്ളാനയായി തുടരാൻ പൊതുമേഖലാ കമ്പനികളെ അനുവദിച്ചുകൂടാ. സ്വന്തം കാലിൽ നിലനിൽക്കാൻ സഹായകമായ നയപരിപാടിയാണ് വേണ്ടത്.