Connect with us

Kerala

പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ വിജിലന്‍സിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നല്‍കാന്‍ തീരുമാനിച്ചു.

Published

|

Last Updated

കോഴിക്കോട് | പൊതുമരാമത്തു വകുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ രൂപീകരിച്ച വിജിലന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ അവലോകനയോഗത്തിനു ശേഷം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായായിരുന്നു മന്ത്രി. ഒരു ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ നാല് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്നതാണ് വിജിലന്‍സ് വിഭാഗം. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ വിജിലന്‍സിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നല്‍കാന്‍ തീരുമാനിച്ചു. മികച്ച സാങ്കേതിക വിദ്യയും വാഹനങ്ങളും നല്‍കാനും തീരുമാനമായി.

വിജിലന്‍സിന്റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസുകളെക്കൂടി ശക്തിപ്പെടുത്തും. പ്രവൃത്തികളുടെ ഗുണനിലവാരം നേരിട്ട് പണികള്‍ നടക്കുന്ന സ്ഥലത്തെത്തി പരിശോധിക്കുന്ന ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികള്‍ സജ്ജമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി മൂന്നു ഓട്ടോ ടെസ്റ്റിംഗ് മൊബൈല്‍ ലാബും അനുബന്ധ ഉപകരണങ്ങളും വാങ്ങും. കൂടാതെ മൊബൈല്‍ ലാബില്‍ നടത്തുന്ന പരിശോധനകള്‍ നേരിട്ട് ഒരു കേന്ദ്രത്തില്‍ കാണാന്‍ ഉള്ള സൗകര്യം ഒരുക്കും. ഇതോടെ പ്രവൃത്തികളുടെ ഗുണനിലവാരം അതാത് സ്ഥലത്തുവച്ചുതന്നെ പരിശോധിക്കാന്‍ കഴിയും.

പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡുകളില്‍ തന്നെയാണോ പ്രവൃത്തി നടക്കുന്നത്, തദ്ദേശ വകുപ്പിന്റെ കീഴില്‍ ഉള്ളവയാണെങ്കില്‍ അവ പൊതുമരാമത്തിനു കൈമാറിയിട്ടുണ്ടോ, കേടുപാടുകള്‍ ഇല്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നുണ്ടോ, കുഴികള്‍ അടയ്ക്കുന്നതിന് പകരം റോഡ് ആകെ ടാര്‍ ചെയ്യുന്നുണ്ടോ, അളവില്‍ കൃത്യതയുണ്ടോ, പരിപാലന കാലാവധി അവസാനിച്ച ശേഷമാണോ പണി നടത്തുന്നത്, അതിന്റെ ആവശ്യമുണ്ടോ, ഗുണനിലവിവര പരിശോധനാ വിഭാഗം ആവശ്യമായ പരിശോധനകള നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക പരിശോധന വിഭാഗം പരിശോധിക്കുക. കണ്ടെത്തലുകളില്‍ വസ്തുതയുണ്ടെങ്കില്‍ കര്‍ശനമായ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Latest