puthuppalli bye election
പുതുപ്പള്ളി: ജയ്ക്ക് സി തോമസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും
ബി ജെ പി സ്ഥാനാര്‍ഥിയേയും ഇന്നറിയാം
കോട്ടയം | പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജയ്ക്ക് സി തോമസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
രാവിലെ 11 നു കോട്ടയം സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് പ്രഖ്യാപനം നടത്തുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ ഉടനീളം ജയ്ക്കിന്റെ വാഹന പര്യടനവും സി പി എം തീരുമാനിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയെയും ഇന്നറിയാം. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകും. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ എന്നിവരുടെ പേരിനാണ് മുന്‍ഗണന.
കഴിഞ്ഞതവണ പുതുപ്പള്ളിയില്‍ മത്സരിച്ച മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയേയും പരിഗണിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ചാണ്ടി ഉമ്മനുവേണ്ടി വോട്ട് അഭ്യര്‍ഥന നടത്തും.
2016 ലും 2021 ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ചാണ്ടി ഉമ്മനെതിരെ ഉപതെരഞ്ഞെടുപ്പില്‍ എതിരാളിയായി എത്തുന്നത് യു ഡി എഫ് ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം കാഴ്ചവച്ചു.
എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക് നിലവില്‍ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്.
ഉമ്മന്‍ചാണ്ടിക്കു മണ്ഡലത്തിലെ മൂന്നുതലമുറകളുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം സഹതാപ തരംഗമായി യു ഡി എഫിനെ തുണച്ചില്ലെങ്കില്‍, പുതുപ്പള്ളി പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി പി എം.