Gyanvapi masjid
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്തി; ഹിന്ദുത്വ സംഘടനകള്‍ മസ്ജിദിന്റെ പേര് മറച്ചിരുന്നു
അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്
വാരണാസി | ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വാരണാസി ജില്ല കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഇന്നു പൂജ നടത്തി. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്.
കോടതി ഉത്തരവു വന്നതിനു പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ മസ്ജിദിന്റെ പേര് മറച്ചിരുന്നു. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡില്‍ ഒരു സംഘം ബുധനാഴ്ച രാത്രിതന്നെ ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാന്‍വാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കര്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. സ്റ്റിക്കര്‍ നീക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മസ്ജിദിന് മുന്നില്‍ ഉത്തര്‍ പ്രദേശ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. വിധി വന്ന ഉടനെ തന്നെ പൂജക്കുള്ള സൗകര്യമൊരുക്കി നല്‍കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കിയതെങ്കിലും വിധി വന്നതിനു പിന്നാലെ ഇന്നു തന്നെ പൂജ നടത്തുകയായിരുന്നു.
പൂജയ്ക്ക് അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.ഗ്യാന്‍വാപി മസ്ജിദ് താഴെ നാല് നിലവറകളാണുള്ളത്. ഇതില്‍ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്നു വരുന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. പൂജ നടത്താനുള്ള ആവശ്യം അംഗീകരിച്ച കോടതി ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയിരുന്നു.
പൂജ നടത്താന്‍ ഹിന്ദുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേക്കായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഈ നിലവറ സീല്‍ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ അല്ഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം.