National
പുല്‍വാമ ഭീകരാക്രമണം; വീഴ്ച മറച്ചുവെക്കാന്‍ പ്രധാന മന്ത്രി ആവശ്യപ്പെട്ടിരുന്നതായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വീഴ്ച മറയ്ക്കാന്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി | പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ആക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി മാലിക് പറഞ്ഞു.
വീഴ്ച മറച്ചുവെക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വീഴ്ച മറയ്ക്കാന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പിന്നീട് തിരഞ്ഞെടുപ്പ് നേട്ടത്തിനായി സര്‍ക്കാരും ബി ജെ പിയും ഇതിനെ ഉപയോഗപ്പെടുത്തിയതായും സത്യപാല്‍ മാലിക് വെളിപ്പെടുത്തി. തങ്ങളുടെ വീഴ്ച മറച്ചുവക്കുകയും കുറ്റം പാക്കിസ്ഥാനു മേല്‍ ചാര്‍ത്തുകയും ചെയ്ത് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ തന്നെയായിരുന്നു ശ്രമം.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ കഴിവില്ലായ്മയും അശ്രദ്ധയുമാണ് 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനത്തിനു നേരെ ആക്രമണമുണ്ടാകാന്‍ കാരണം. ആഭ്യന്തര മന്ത്രാലയത്തിന് ഈ വീഴ്ചയില്‍ വലിയ പങ്കുണ്ട്. രാജ്‌നാഥ് സിങായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ജവാന്മാരെ കൊണ്ടുപോകാന്‍ വിമാനം വേണമെന്ന് സി ആര്‍ പി എഫ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിക്കുകയായിരുന്നുവെന്നും വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സത്യപാല്‍ പറഞ്ഞു. സൈനിക വാഹനം പോകുന്ന വഴിയില്‍ ഫലപ്രദമായ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നില്ല.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയോട് അത്ര വെറുപ്പൊന്നുമില്ലെന്ന് തനിക്ക് വ്യക്തമായി പറയാന്‍ കഴിയുമെന്നും ജമ്മു കശ്മീര്‍ വിഭജിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ഗവര്‍ണര്‍ കൂടിയായ സത്യപാല്‍ മാലിക് പറഞ്ഞു.