Ongoing News
കരുത്തുറ്റ പഞ്ചില്‍ എതിരാളി പഞ്ചര്‍; സരീന്‍ രണ്ടാം റൗണ്ടില്‍
ആദ്യ റൗണ്ട് അങ്കത്തില്‍ അസര്‍ബൈജാന്റെ അനാഖനിം ഇസ്മായിലോവയെയാണ് നിലവിലെ ചാമ്പ്യനായ സരീന്‍ പരാജയപ്പെടുത്തിയത്.
ന്യൂഡല്‍ഹി | ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആധികാരിക വിജയത്തോടെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച് ഇന്ത്യയുടെ നികാത് സരീന്‍. ആദ്യ റൗണ്ട് അങ്കത്തില്‍ അസര്‍ബൈജാന്റെ അനാഖനിം ഇസ്മായിലോവയെയാണ് നിലവിലെ ചാമ്പ്യനായ സരീന്‍ പരാജയപ്പെടുത്തിയത്. ആര്‍ എസ് സി (മത്സരം നിര്‍ത്തിക്കൊണ്ടുള്ള റഫറിയുടെ പ്രഖ്യാപനം) യിലൂടെയായിരുന്നു വിജയം.
50 കിലോഗ്രാം കാറ്റഗറിയില്‍ തുടക്കം മുതലേ ആക്രമണ മൂഡിലായിരുന്നു സരീന്‍. കരുത്തുറ്റ പഞ്ചുകളിലൂടെ എതിരാളിയെ ഇന്ത്യന്‍ താരം ക്ഷണത്തില്‍ അടിയറവു പറയിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യനായിട്ടും സീഡില്ലാതെയാണ് സരീന്‍ മത്സരിക്കുന്നത്.
2022ലെ ആഫ്രിക്കന്‍ ചാമ്പ്യന്‍ റുമൈസ് ബൊവാലത്തെയാണ് അടുത്ത റൗണ്ടില്‍ സരീന് നേരിടാനുള്ളത്.
52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യയുടെ മറ്റൊരു താരം സാക്ഷിയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കൊളംബിയയുടെ മാര്‍ട്ടിനെസ് മരിയ ജോസിനെ ഏകപക്ഷീയമായ അഞ്ച് പോയിന്റുകള്‍ക്ക് തകര്‍ത്താണ് സാക്ഷിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.