Connect with us

National

പൂനെ പോര്‍ഷെ അപകടം; 17കാരനായ പ്രതിയെ മോചിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്

പ്രതിയെ നിരീക്ഷണകേന്ദ്രത്തില്‍ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ  ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

Published

|

Last Updated

പൂനെ|പുനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് ഐ ടി ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ 17കാരനായ പ്രതിയെ വിട്ടയച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്. പ്രതിയെ നിരീക്ഷണകേന്ദ്രത്തില്‍ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ  ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

പതിനേഴുകാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് പ്രതിയെ വിട്ടക്കാന്‍ കോടതി ഉത്തരവിട്ടത്. പ്രതിയുടെ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റിലായതിനാല്‍ കുട്ടിയുടെ സംരക്ഷണ ചുമതല കുട്ടിയുടെ ബന്ധുവിനാണ് നല്‍കിയത്.

പ്രതിയുടെ കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണ്. അതിനാല്‍, 17കാരനെ കുടുംബത്തോടൊപ്പം വിടണം. കൗമാരക്കാരനെ നല്ല നിലയിലാക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്നും അതിനായി കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ മെയ് 19ന് പുലര്‍ച്ചെയാണ് കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത്. പൂനെയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ അശ്വിനി കോസ്റ്റ (24), അനീഷ് ആവാഡിയ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മദ്യലഹരിയിലാണ് 17കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍  കണ്ടെത്തിയിരുന്നു.

 

 

 

Latest