Connect with us

National

പുനീത് രാജ്കുമാറിന്റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു

പുനീതിന്റെ മരണവാര്‍ത്ത തുടര്‍ച്ചയായി ടിവിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

ബെംഗളുരു| കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. ബെന്നാര്‍ഘട്ടക്കു സമീപമുള്ള ഷാനുഭുഗനഹള്ളി സ്വദേശി രാജേന്ദ്ര(40)യാണ് മരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങള്‍ രാജേന്ദ്രയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പുനീതിന്റെ മരണവാര്‍ത്ത തുടര്‍ച്ചയായി ടി വിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

താന്‍ മരിക്കുകയാണെങ്കില്‍ പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്തതുപോലെ തന്റെ കണ്ണുകളും ദാനം ചെയ്യണമെന്ന് രാജേന്ദ്ര ഭാര്യയോടും അമ്മയോടും പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ച വരെ പുനീതിന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുകൊണ്ടിരുന്ന രാജേന്ദ്ര അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വൈകീട്ട് ഭാര്യയും മാതാവും തുണി അലക്കാന്‍ പുറത്തുപോയ സമയത്താണ് ആത്മഹത്യ ചെയ്തത്. പോലീസെത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നാരായണ നേത്രാലയത്തില്‍ നിന്ന് ഡോക്ടര്‍മാരെത്തി കണ്ണുകള്‍ ദാനം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് ബെന്നാര്‍ഘട്ട പോലീസ് കേസെടുത്തു.

 

Latest