Connect with us

Kerala

ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; സര്‍ക്കാര്‍ തീരുമാനം കേരളത്തിനോടുള്ള വെല്ലുവിളിയെന്ന് വിഡി സതീശന്‍

ശിക്ഷാ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാര്‍ശ ചെയ്യാന്‍ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും സതീശന്‍ ചോദിച്ചു.

Published

|

Last Updated

കൊച്ചി| ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തിനോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വിചിത്രമായ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നീക്കം ശക്തമായി എതിര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ടിപി കേസിലെ പ്രതികള്‍ക്ക് 2000ത്തിലധികം പരോള്‍ ദിവസങ്ങളും ജയിലില്‍ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശിക്ഷാ ഇളവും നല്‍കുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് ഇവര്‍ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശന്‍ പറഞ്ഞു. ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാര്‍ശ ചെയ്യാന്‍ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും സതീശന്‍ ചോദിച്ചു.

ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ് ഇവര്‍. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ശിക്ഷായിളവിന് മുന്നോടിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടി.

സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സര്‍ക്കാര്‍ പുല്ലു വില കല്‍പ്പിക്കുകയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതികള്‍ സര്‍ക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ തീരുമാനം കേരളം ഒന്നടങ്കം എതിര്‍ക്കും. ടിപി കേസ് മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

 

 

Latest