Kerala
വാക്കുകൊണ്ട് അപമാനിച്ചാലും ശിക്ഷ; ആരോഗ്യരക്ഷാ ഭേദഗതി ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം ബില്ലില്‍ ഉറപ്പാക്കുന്നു.
തിരുവനന്തപുരം | കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം ബില്ലില്‍ ഉറപ്പാക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരെ വാക്കുകള്‍കൊണ്ട് അപമാനിച്ചാല്‍ മൂന്ന് മാസം വരെ തടവും പതിനായിരം രൂപവരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയും ശിക്ഷ നല്‍കണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാലുള്ള പരമാവധി ശിക്ഷ ഏഴ് വര്‍ഷം വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവമേല്‍പ്പിച്ചാല്‍ ഒന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. നേരത്തേ പരമാവധി മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമായിരുന്നു ശിക്ഷ.
ആരോഗ്യമേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഭേദഗതി ബില്ലില്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. നിലവിലുള്ള നിയമത്തില്‍ ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താത്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍, മെഡിക്കല്‍-നഴ്സിംഗ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍-വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങളുടെ സുരക്ഷ ബില്‍ പരിധിയില്‍ വരും. ഇതോടൊപ്പം ആരോഗ്യ രക്ഷാസ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.
ആരോഗ്യപ്രവര്‍ത്തകന്റെയോ ആരോഗ്യകേന്ദ്രത്തിന്റെയോ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ക്ക് അടക്കം കേടുപാടുകള്‍ വരുത്തുന്നതും നിയമപരിധിയില്‍ വരും. നാശനഷ്ടങ്ങള്‍ക്ക് അനുസൃതമായി പ്രതിയില്‍ നിന്ന് ഇരട്ടിയിലധികം തുക ഈടാക്കും. കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും.
അന്വേഷണം പ്രഥമ വിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ച ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാ ദാസ് കുത്തേറ്റ് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് നിലവിലുള്ള നിയമത്തിലെ പഴുതുകള്‍ അടച്ച് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.