punjab congress issue
രാജ്യത്തെ ഏറ്റവും കൂടുതല്‍ കടമുള്ള സംസ്ഥാനം പഞ്ചാബെന്ന് നവ്‌ജ്യോത് സിംഗ് സിദ്ധു
നേരത്തേ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട സര്‍ക്കാര്‍ ജീവനക്കാരും തൊഴില്‍ രഹിതരായ നഴ്‌സുമാരും സിദ്ധുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
ചണ്ഡിഗഢ് | രാജ്യത്തെ ഏറ്റവും കൂടുതല്‍ കടമുള്ള സംസ്ഥാനം പഞ്ചാബാണെന്ന് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധു. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിപ്പണം കടം വീട്ടാന്‍ ഉപയോഗിക്കരുതെന്നും നികുതിപ്പണം വികസനത്തിന് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടം വാങ്ങുന്നതല്ല മുന്നോട്ടേക്കുള്ള മാര്‍ഗമെന്നും സംസ്ഥാനത്തിന്റെ പകുതിയോളം ചിലവിന് ഫണ്ട് കണ്ടെത്തുന്നത് കടത്തിലൂടയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി വരുമാനം കണ്ടെത്തുക വഴി ക്ഷേമം ഉറപ്പ് വരുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഓരോ പഞ്ചാബിയും പാര്‍ട്ടി പ്രവര്‍ത്തകരും ആവശ്യപ്പെടുന്ന പ്രശ്‌ന പരിഹാരങ്ങളില്‍ നിന്ന് ശ്രദ്ധമാറിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട സര്‍ക്കാര്‍ ജീവനക്കാരും തൊഴില്‍ രഹിതരായ നഴ്‌സുമാരും സിദ്ധുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരേയും മുദ്രവാക്യം മുഴക്കിയ ഇവരെ നേരിട്ട് കണ്ട ശേഷം സംസ്ഥാനം ഇന്ന് വലിയ കടക്കെണിയിലാണെന്നായിരുന്നു സിദ്ധുവിന്റെ പ്രതികരണം.