Connect with us

National

അമൃത്പാല്‍ സിംഗിന്റെ വീഡിയോ സന്ദേശത്തില്‍ അന്വേഷണം ആരംഭിച്ച് പഞ്ചാബ് പൊലീസ്

സുവര്‍ണ്ണ ക്ഷേത്രത്തിന് സുരക്ഷ വര്‍ധിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഒളിവില്‍ കഴിയുന്ന തീവ്ര സിഖ് വിഘടനവാദി അമൃത്പാല്‍ സിംഗ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അന്വേഷണം ആരംഭിച്ച് പഞ്ചാബ് പൊലീസ്. വീഡിയോ ചിത്രീകരിച്ചത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വീഡിയോ പുറത്തുവിട്ടത് വിദേശത്ത് നിന്നാണെന്ന നിഗമനത്തിലാണെന്ന് പൊലീസ് പറഞ്ഞു.

പഞ്ചാബിനെ സംരക്ഷിക്കാന്‍ സിഖ് സംഘടനകള്‍ക്ക് ആഹ്വാനം ചെയ്യുന്ന അമൃത് പാല്‍ സിംഗിന്റെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശില്‍ നിന്നാണ് ചിത്രീകരിച്ചതെന്ന് പൊലീസ് കരുതുന്നു. കാനഡ, യുകെ, ദുബായ് എന്നീ രാജ്യങ്ങളിലെ ഐപി അഡ്രസ് വഴി വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അമൃത്പാല്‍ സിംഗിനായി പൊലീസ് ഊര്‍ജിതമായി തെരച്ചില്‍ തുടരുകയാണ്. വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സുവര്‍ണ്ണ ക്ഷേത്രത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. പഞ്ചാബ് ഹോഷിയാര്‍പൂരിലും തെരച്ചില്‍ നടക്കുന്നുണ്ട്.

അതേസമയം കീഴടങ്ങാന്‍ അമൃത്പാല്‍ സിംഗ് മൂന്ന് ഉപാധികള്‍ വെച്ചിട്ടുണ്ട്. കീഴടങ്ങുന്നതായി പൊലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം, പൊലീസ് കസ്റ്റഡിയില്‍ മര്‍ദിക്കരുത് എന്നീ ഉപാധികള്‍ അംഗീകരിച്ചാല്‍ കീഴടങ്ങാന്‍ തയാറാണെന്ന് അമൃത്പാല്‍ സിംഗ് അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം ചുമത്തിയതിനാലാണ് അമൃത് പാല്‍ ഇപ്പോഴും ഒളിവില്‍ തുടരുന്നതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.