Connect with us

indian rupee

കൂപ്പുകുത്തി രൂപ

സര്‍ക്കാറിനെ ബാധിക്കുന്ന ഒരു സാമ്പത്തിക പ്രശ്‌നമെന്ന നിലയിലാണ് രൂപയുടെ മൂല്യമിടിവിനെ പൊതുസമൂഹം പൊതുവെ കാണുന്നത്. എന്നാല്‍ ജീവിതച്ചെലവ് ഉയരുമെന്നതിനാല്‍ ഓരോ ഇന്ത്യക്കാരനെയും ഇത് ബാധിക്കും.

Published

|

Last Updated

രിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് യു എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്. 80.0175 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അഥവാ ഒരു ഡോളര്‍ വാങ്ങാന്‍ എണ്‍പതിലേറെ ഇന്ത്യന്‍ രൂപ വേണം. ഡോളര്‍ വില 74 രൂപയായിരുന്നത് 78 രൂപയാകാന്‍ അഞ്ച് വര്‍ഷമെടുത്തെങ്കില്‍ അത് 80ലേക്ക് എത്താന്‍ ഒരു മാസമേ വേണ്ടിവന്നുള്ളൂ. ഇത് ആശങ്കയുളവാക്കുന്നു. വ്യാപാരകമ്മി, ആഭ്യന്തര നാണ്യപ്പെരുപ്പം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ക്രൂഡ് ഓയില്‍ വില ഉയര്‍ച്ച തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. റിസര്‍വ് ബേങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 189.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വ്യാപാരകമ്മി. അമേരിക്കയുടെ കേന്ദ്ര ബേങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക പണനയ അവലോകന യോഗം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുകയാണ്. അതോടെ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

സര്‍ക്കാറിനെ ബാധിക്കുന്ന ഒരു സാമ്പത്തിക പ്രശ്‌നമെന്ന നിലയിലാണ് രൂപയുടെ മൂല്യമിടിവിനെ പൊതുസമൂഹം പൊതുവെ കാണുന്നത്. എന്നാല്‍ ജീവിതച്ചെലവ് ഉയരുമെന്നതിനാല്‍ ഓരോ ഇന്ത്യക്കാരനെയും ഇത് ബാധിക്കും. ക്രൂഡ് ഓയില്‍ ഇറക്കുമതിയെ വളരെക്കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഡീസല്‍, പെട്രോള്‍ വിലയും, പാചക വാതക വിലയും ഇപ്പോള്‍ തന്നെ ഉയര്‍ന്നതാണ് രാജ്യത്ത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇവയുടെ വില ഇനിയും ഉയരാനും അതുവഴി ഗതാഗതച്ചെലവ് വര്‍ധിക്കാനും ഇടയാക്കും. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയരും. എണ്ണയുമായി ബന്ധപ്പെട്ട ഉത്പാദനച്ചെലവും ഗതാഗതച്ചെലവും വര്‍ധിക്കുന്നത് വീട്ടുപകരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട മിക്ക വസ്തുക്കളുടെ വിലയിലും വര്‍ധനവുണ്ടാക്കും. വിദേശ യാത്ര, വിദേശ വിദ്യാഭ്യാസം തുടങ്ങിയവയുടെ ചെലവും ഏറും. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് പുറത്ത് പോകാന്‍ പദ്ധതിയിടുന്നവര്‍ക്കും ഡോളറില്‍ ആയിരിക്കും പണം അടക്കേണ്ടി വരിക. ജനുവരിയില്‍ രൂപയുടെ മൂല്യം 73.8 രൂപയായിരുന്നപ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് ഒരു സെമസ്റ്ററിന് 29.52 ലക്ഷം രൂപ (40,000 ഡോളര്‍) ആയിരുന്നു ചെലവിടേണ്ടതെങ്കില്‍ ഇപ്പോള്‍ 32 ലക്ഷം രൂപക്കു മീതെ വരും. താമസം, ഭക്ഷണം, യാത്ര തുടങ്ങിയ ചെലവുകളിലും ഗണ്യമായ വര്‍ധനവുണ്ടാകും. ഔദ്യോഗിക രേഖകളനുസരിച്ച് 13.24 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നുണ്ട്. യു എസിലാണ് ഏറ്റവും കൂടുതല്‍. 4.65 ലക്ഷം. കാനഡയില്‍ 1.83 ലക്ഷവും ദുബൈയില്‍ 1.64 ലക്ഷവും ആസ്‌ത്രേലിയയില്‍ 1.09 ലക്ഷവും വിദ്യാര്‍ഥികള്‍ പഠിക്കുന്നു.

യു എസ് ഡോളറിനെ അപേക്ഷിച്ച് ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം പ്രവര്‍ത്തിക്കുന്നത്. ഡോളറിന് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകുമ്പോള്‍ രൂപയുടെ മൂല്യം കുറയും. രൂപയുടെ ഡിമാന്‍ഡ് ഉയരുമ്പോള്‍ ഡോളറിന്റേത് താഴുകയും ചെയ്യും. അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരങ്ങള്‍ കൂടുതലും ഡോളറിലാണ് നടക്കുന്നത്. ഇതടിസ്ഥാനത്തില്‍ ഒരു രാജ്യം കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്താല്‍ സ്വാഭാവികമായും ഡോളറിന്റെ ഡിമാന്‍ഡ് കൂടും. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇത് ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും രൂപ പിറകോട്ടടിക്കാനും ഇടയാക്കുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതി പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം 57 ശതമാനത്തിന്റെ വര്‍ധനവുണ്ടായി ഇറക്കുമതിയില്‍. 66.31 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ജൂണില്‍ നടത്തിയത്. ചൈനയില്‍ നിന്നായിരുന്നു കൂടുതലും. കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയിലിനായി ചെലവാക്കിയതിന്റെ ഇരട്ടി ഈ വര്‍ഷം ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. രാജ്യത്തെ വിദേശ നിക്ഷേപങ്ങളില്‍ ഉണ്ടായ പിന്‍വലിയല്‍ ആണ് മറ്റൊരു കാരണം. ഈ വര്‍ഷം 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയുണ്ടായി.

രൂപയുടെ മൂല്യത്തകര്‍ച്ചയോടൊപ്പം രാജ്യത്തെ വിദേശ നാണയ ശേഖരത്തിലും വിദേശ നാണയ ആസ്തിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്നിന് പുറത്തുവിട്ട കണക്ക് പ്രകാരം വിദേശ നാണയ ശേഖരത്തില്‍ 500 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 447.1 കോടി ഡോളറാണ് വിദേശ നാണയ ആസ്തിയിലെ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറക്കാന്‍ റിസര്‍വ് ബേങ്ക് വിദേശ നാണയ കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളറുകള്‍ വിറ്റഴിച്ചിരുന്നു. ഇതാണ് വിദേശ നാണയ ശേഖരത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ റിസര്‍വ് ബേങ്കിന്റെ ഈ ഇടപെടലിനും രൂപയെ രക്ഷിക്കാനായില്ല. ഇറക്കുമതി പരമാവധി നിയന്ത്രിച്ച് വ്യാപാരകമ്മി കുറക്കുകയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്കു പരിഹാരമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ഒമ്പത് വര്‍ഷം മുമ്പ് അഥവാ 2013 മാര്‍ച്ചില്‍ 59.89 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്‍ക്കാറിനെ കുറ്റപ്പെടുത്തി സംസാരിച്ച വാക്കുകള്‍ ഇങ്ങനെ- “ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് ദേശത്തിന്റെ സുരക്ഷയെക്കുറിച്ച് ഒരു ചിന്തയുമില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഡോളറിനു മുമ്പില്‍ രൂപ കരുത്ത് വര്‍ധിപ്പിക്കാനുള്ള കാര്യങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ല. കസേര സംരക്ഷിക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് ചിന്ത. അഴിമതിയാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണ’മെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ വിമര്‍ശം ഇപ്പോള്‍ ബി ജെ പി സര്‍ക്കാറിനെ തിരിഞ്ഞു കുത്തുകയാണ്.

Latest