Connect with us

Kerala

കുടുംബം തകരാന്‍ കാരണം പുഷ്പ,വെറുതെവിട്ടതില്‍ നിരാശയുണ്ട്; ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര

Published

|

Last Updated

പാലക്കാട്  | നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പോലീസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്നും പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കി. താന്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍

അതേ സമയം ചെന്താമരയെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത കനത്ത പോലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. മൂന്ന് ഡിവൈഎസ്പിമാരും 11 ഇന്‍സ്പെക്ടര്‍മാരും അടക്കം 350 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

ആദ്യം സുധാകരനെ കൊലപ്പെടുത്തിയ സ്ഥലത്തും, പിന്നീട് അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വഴിയെക്കുറിച്ചും ചെന്താമര പോലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം വയലിലൂടെയാണ് രക്ഷപ്പെട്ടത്. വീടിന് പിറകിലൂടെ തെങ്ങിന്‍ തോട്ടം വഴി കനാലിനടുത്തേക്ക് പോയി. അതിന്റെ ഓവിനുള്ളില്‍ കിടന്നു. പോലീസും നാട്ടുകാരും ആദ്യം തിരയുമ്പോള്‍ വയലിന് സമീപം തന്നെയുണ്ടായിരുന്നു. പിന്നീട് കമ്പിവേലി ചാടി രാത്രി മലയിലേക്ക് കയറിപ്പോയെന്നും ചെന്താമര പറഞ്ഞു.വീടിന് അകത്ത് ആയുധം വെച്ച സ്ഥലവും ചെന്താമര പോലീസിന് കാണിച്ചു കൊടുത്തു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് മൂന്നുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നാളെ ആയുധം വാങ്ങിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

അതേസമയം തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസിയായ പുഷ്പ പറഞ്ഞു. ചെന്താമരയുടെ ശല്യത്തിനെതിരെ പുഷ്പ നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തനിക്ക് നേരെയും ചെന്താമര വധഭീഷണി നടത്തിയിരുന്നതായും പുഷ്പ വെളിപ്പെടുത്തിയിരുന്നു

 

Latest