Connect with us

Kannur

കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ നിര്യാതനായി

1994 നവംബര്‍ 25-ന് സ്വാശ്രയ കോളജുകൾക്ക് എതിരായ സമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പുഷ്പന് പോലീസിന്റെ വെടിയേറ്റത്.

Published

|

Last Updated

കോഴിക്കോട് | കൂത്തുപറമ്പിൽ പോലീസ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ (54) നിര്യാതനായി. പാർട്ടിക്കാർക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷി എന്നായിരുന്നു പുഷ്പൻ അറിയപ്പെട്ടിരുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1994 നവംബര്‍ 25-ന് സ്വാശ്രയ കോളജുകൾക്ക് എതിരായ സമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പുഷ്പന് പോലീസിന്റെ വെടിയേറ്റത്. കൂത്തുപറമ്പില്‍ ബാങ്ക് ശാഖയുടെ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മന്ത്രി എംവി രാഘവനെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു. ഇവരെ മാറ്റുന്നതിനായി പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ പുഷ്പൻ ഇതോടെ കിടപ്പിലായി. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).

Latest