Kerala
പുത്തരിക്കണ്ടത്തിൽ കെങ്കേമം സദ്യവട്ടം
ഭക്ഷണം വിളമ്പുന്നതിന് മികച്ച ക്രമീകരണം ഏർപ്പെടുത്തിയതിനാൽ തിരക്ക് അനുഭവപ്പെടുന്നില്ല

കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ പതിവുപോലെ ഭക്ഷണശാലയിലും തിരക്ക്. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ ഇതുവരെയെത്തിയത് അമ്പതിനായിരത്തോളം പേർ. ആദ്യദിനം പുട്ടും കടലയുമായിരുന്നു പ്രഭാത ഭക്ഷണം. ഉച്ചക്ക് പാലടപ്രഥമൻ ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യ. പാതിരാത്രി കഴിഞ്ഞും സജീവമായ ഊട്ടുപുരയിൽ ആദ്യ ദിനം മാത്രം 31,000 ത്തിലധികം പേർക്കാണ് ഭക്ഷണം വിളമ്പിയത്. രണ്ടാം ദിനം പ്രതലിന് ഇഡ്ഡലിയും സാമ്പാറും ഉച്ചയൂണിന് ഗോതമ്പുപായസം കൂട്ടിയുള്ള സദ്യയുമായിരുന്നു. രാവിലെ ഏഴായിരത്തിലധികം പേരും ഉച്ചക്ക് പന്ത്രണ്ടായിരത്തോളം പേരും ഭക്ഷണം കഴിച്ചു.
ഭക്ഷണം വിളമ്പുന്നതിന് മികച്ച ക്രമീകരണം ഏർപ്പെടുത്തിയതിനാൽ തിരക്ക് അനുഭവപ്പെടുന്നില്ല. മൂന്ന് നേരവും സ്വാദിഷ്ടവും പോഷകദായകവുമായ ഭക്ഷണമാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ഒരുക്കുന്നത്.
ഭക്ഷണ കമ്മിറ്റിയിൽ മാത്രം നൂറിലേറെ പേർ സജീവമായി രാവും പകലുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണമൊരുക്കാൻ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ നേരത്തേ തന്നെ സമാഹരിച്ചിരുന്നു. ഇവ 12 കേന്ദ്രങ്ങളിൽ ശേഖരിക്കുകയും പുത്തരിക്കണ്ടം മൈതാനിയിലെ കലവറയിൽ എത്തിക്കുകയുമായിരുന്നു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ ജനകീയമായാണ് ഭക്ഷണശാല പ്രവർത്തിക്കുന്നതെന്ന് കഴക്കൂട്ടം എം എൽ എയും ഭക്ഷണ കമ്മിറ്റി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകിയാണ് കലോത്സവ സംഘാടനം. മൂന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീതം രണ്ട് ഷിഫ്റ്റായി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു. ശുചിത്വം പാലിക്കാൻ ആറ്റുകാൽ പൊങ്കാല മാതൃകയിൽ മാലിന്യ സംസ്‌കരണ പദ്ധതിയും സജ്ജീകരിച്ചിട്ടുണ്ട്.