puthuppalli bye election
ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശത്തിന് സമാപനം; ഇനി നിശ്ശബ്ദ പ്രചാരണം
പാർട്ടി പതാകകളും ചിഹ്നങ്ങളും ബലൂണുകളും ക്രെയിനും വർണച്ചായങ്ങളുമായി കൊട്ടിക്കലാശം നിറഞ്ഞ ഉത്സവപ്രതീതിയിലായിരുന്നു.
കോട്ടയം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. പാമ്പാടി കവലയിൽ മണിക്കൂറുകൾ നീണ്ട ആവേശക്കൊടുമുടിയിലേറിയ കൊട്ടിക്കലാശം വൈകിട്ട് ആറോടെ പാർട്ടികൾ അവസാനിപ്പിച്ചു. ഇനി ഒരു നാൾ നിശ്ശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ച പുതുപ്പള്ളി ബൂത്തിലെത്തും.
സ്ഥാനാർഥികളുടെ നേതൃത്വത്തിലുള്ള വാഹന പര്യടനം വൈകിട്ട് അഞ്ചോടെ പൂർണമായും പാമ്പാടി കവലയിലെത്തി. എൻ ഡി എ സ്ഥാനാർഥി വൈകിട്ട് നാലിന് ശേഷം കവലയിലെത്തിയിരുന്നു. വൈകാതെ യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികളുമെത്തി. പാർട്ടി പതാകകളും ചിഹ്നങ്ങളും ബലൂണുകളും ക്രെയിനും വർണച്ചായങ്ങളുമായി കൊട്ടിക്കലാശം നിറഞ്ഞ ഉത്സവപ്രതീതിയിലായിരുന്നു.
ഉച്ചക്ക് ശേഷം പാമ്പാടി കവല ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞു. പുതുപ്പള്ളി കവലയിലും കൊട്ടിക്കലാശമുണ്ടായിരുന്നു. മുമ്പെങ്ങുമില്ലാത്ത ആവേശ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനുമാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലം സാക്ഷ്യംവഹിക്കുന്നത്. യു ഡി എഫിൻ്റെ ചാണ്ടി ഉമ്മൻ, എൽ ഡി എഫിൻ്റെ ജെയ്ക്ക് സി തോമസ്, എൻ ഡി എയുടെ ലിജിൻ ലാൽ എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.