Connect with us

congress politics

പുതുപ്പള്ളി ഫലം: കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാവി നിര്‍ണയിക്കും

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും പൊട്ടിത്തെറി ഉറപ്പ്

Published

|

Last Updated

തിരുവനന്തപുരം | പുതുപ്പള്ളി ഫലത്തിനു ശേഷം പൊട്ടിത്തെറിക്കാനിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നറിയിപ്പ്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ സീനിയോരിറ്റി പരിഗണനയുണ്ടാവില്ലെന്നു മുന്നറയിപ്പു നല്‍കി.

പാര്‍ട്ടി പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തലയും പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചു കെ മുരളീധരനുമാണ് പുതുപ്പള്ളി ഫലത്തിനു ശേഷം ചിലതു പറയാനുണ്ടെന്നു മുന്നറിയിപ്പു നല്‍കിയത്.

നേതാക്കള്‍ രസ്യപ്രതികരണം നടത്താന്‍ പാടില്ലെന്നും പരാതി പാര്‍ട്ടി ഫോറത്തില്‍ മാത്രം ഉന്നയിച്ചാല്‍ മതിയെന്ന് വിവിധ നേതാക്കള്‍ മുഖാന്തിരം ചെന്നിത്തലയെ അറിയിച്ചു.

എട്ടിന് ശേഷം പാര്‍ട്ടിയില്‍ പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അനുനയനീക്കങ്ങള്‍ക്കാണ് നേതൃത്വം ശ്രമിക്കുന്നത്. തന്നെ തഴഞ്ഞ് തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം അംഗമാക്കിയതില്‍ കടുത്ത അതൃപ്തിയാണ് ചെന്നിത്തലക്കുള്ളത്. പ്രഖ്യാപനം വന്ന ഉടനെ പുതുപ്പള്ളി വിട്ട ചെന്നിത്തല നേതൃത്വത്തിന്റെ അപ്രീതി ഭയന്നു തിരിച്ചെത്തുകയും അമര്‍ഷം ഉള്ളിലൊതുക്കി സജീവമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന് നേതാക്കള്‍ അവകാശപ്പെട്ടതുപോലെ വമ്പിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രതികരണവുമായി നേതാക്കള്‍ രംഗത്തുവരുമെന്നുറപ്പാണ്.

അതൃപ്തി പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിക്കുക അല്ലെങ്കില്‍ എ ഐ സി സി നേതൃത്വത്തെ നേരിട്ട് കണ്ട് പറയുക എന്ന നിര്‍ദ്ദേശത്തിനു നേതാക്കള്‍ വഴങ്ങുമോ എന്നത് ഫലം വന്ന ശേഷമേ അറിയാനാവൂ.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി ഉറപ്പാണ്. പുതുപ്പള്ളിയില്‍ താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് അടക്കം നിരവധി പ്രശ്‌നങ്ങള്‍ ഉള്ളില്‍ ഒതുക്കി കഴിയുന്ന കെ മുരളീധരന്‍ അടക്കമുള്ളവര്‍ ശക്തമായി രംഗത്തുവരും.

പുതുപ്പള്ളിക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു നീങ്ങാനാണ് പാര്‍ട്ടി തീരുമാനം. ഏത് സമയവും ലോകസഭാ തിരഞ്ഞെടുപ്പു ഉണ്ടാവുമെന്നിരിക്കെ കേരളത്തില്‍ നേതാക്കള്‍ അസംതൃപ്തിയുമായി രംഗത്തിറങ്ങിയാല്‍ പല ലോകസഭാ സീറ്റുകളും കൈവിടേണ്ടി വരുമെന്നും നേതൃത്വം ഭയപ്പെടുന്നു.

നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ വിലക്കാന്‍ കേന്ദ്രം എല്ലാ നീക്കവും നടത്തിയിട്ടുണ്ടെങ്കിലും പുതുപ്പള്ളി ഫലം കേരളത്തില്‍ കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.