Kerala
പി വി അൻവറിന്റെ ആരോപണം: ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഡിജിപി തല അന്വേഷണം പ്രഖ്യാപിച്ചത്. എം.ആര്‍.അജിത് കുമാര്‍ പങ്കെടുത്ത പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം നടന്നാൽ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയുവെന്നാണ് ഡിജിപി മുഖ്യമന്ത്രയെ അറിയിച്ചത്.
അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും നല്ല വ്യക്തതയുള്ളതാണ്. ഏത് കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണുള്ളത്. ഒരു മുന്‍വിധിയും പ്രകടിപ്പിക്കാറില്ല. ചില പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ എല്ലാ ഗൗരവവും നിലനിര്‍ത്തികൊണ്ടുതന്നെ കേരളത്തിലെ ഉന്നത റാങ്കിലുള്ള ആള്‍തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അതിന് നിരക്കാത്ത പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാറില്ല. ഇതിന് തുനിയുന്നവര്‍ക്ക് അതിന്റെ ഫലം തിക്തമായിരിക്കും എന്ന് ഓര്‍മ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.