Kerala
പി വി അൻവറിന്റെ ആരോപണങ്ങൾ ഗൗരവമേറിയത്; മുന്നണിയെ ബാധിക്കില്ല: എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ
പി വി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പ്രതിക്കൂട്ടിൽ അല്ലെന്നും ആഭ്യന്തര വകുപ്പിനെതിരെയല്ല, അതിലെ ചില ഉദ്യോഗസ്ഥർക്ക് എതിരെയാണ് അൻവറിന്റെ പരാതിയെന്നും ചോദ്യത്തിന് മറുപടിയായി ടി പി വ്യക്തമാക്കി
കോഴിക്കോട് | പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അതേസമയം, ആരോപണങ്ങൾ മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എൽ ഡി എഫ് കൺവീനർ.
പി വി അൻവർ എൽ ഡി എഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര എംഎൽഎയാണ്. ആ നിലയിലാണ് അദ്ദേഹം വിഷയങ്ങൾ ഉന്നയിച്ചത്. അതനുസരിച്ച് മുഖ്യമന്ത്രി ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പി വി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പ്രതിക്കൂട്ടിൽ അല്ലെന്നും ആഭ്യന്തര വകുപ്പിനെതിരെയല്ല, അതിലെ ചില ഉദ്യോഗസ്ഥർക്ക് എതിരെയാണ് അൻവറിന്റെ പരാതിയെന്നും ചോദ്യത്തിന് മറുപടിയായി ടി പി വ്യക്തമാക്കി.
വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തിൽ തനിക്ക് ഒരു മറുപടിയും പറയാനില്ല. ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മാധ്യമങ്ങൾ വരെ അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുന്നതിന് പകരം അൻവർ പരസ്യപ്രസ്താവന നടത്തിയത് ശരിയാണോ എന്ന ചോദ്യത്തിന്, അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ടിപിയുടെ മറുപടി. ഭാവിയിൽ ഇത്തരത്തിൽ ഭരണകക്ഷി എംഎൽഎമാർ പരാതി നൽകുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
മീറ്റ് ദി പ്രസിൽ പ്രസ് ക്ലബ് പ്രസിഡ്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സജിത്ത് സ്വാഗതം പറഞ്ഞു.