pv anvar
ചന്തക്കുന്നില്‍ പി വി അന്‍വറിന്റെ പൊതുയോഗം ; കരുത്തുകാട്ടി അന്‍വര്‍
മുദ്രാവാക്യം വിളികളോടെയാണ് അന്‍വറിനെ വേദിയിലേക്ക് എത്തിച്ചത്.
നിലമ്പൂര്‍ | ഇടതു മുന്നണിയില്‍ നിന്നു പുറത്തായ പി വി അന്‍വര്‍ എം എല്‍ എ ചന്തക്കുന്നില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വന്‍ ജനാവലി. മുദ്രാവാക്യം വിളികളോടെയാണ് അന്‍വറിനെ വേദിയിലേക്ക് എത്തിച്ചത്.
മലപ്പുറത്തിനു പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നും നിരവധി പേര്‍ യോഗസ്ഥലത്ത് എത്തിയിട്ടുണ്ട്. സി പി എം അനുഭാവികള്‍ക്കുപുറമെ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും യോഗസ്ഥലത്ത് ധാരാളം ഉണ്ട്.
എടക്കര മുന്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ഇ എ സുകുവാണ് സ്വാഗത പ്രസംഗികന്‍. സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് ആണ് പി വി അന്‍വറിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി ആവതരിപ്പിച്ചത്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസ മില്ലായിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ആത്മബലം നല്‍കിയത് പി വി അന്‍വറാണെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പിടിക്കാന്‍ ഉറക്കൊഴിച്ച നേതാവാണ്. അന്‍വറിനെതിരെ പാര്‍ട്ടി അണികള്‍ നില്‍ക്കണമെങ്കില്‍ പാര്‍ട്ടിക്ക് അതു വിശദീകരിക്കാന്‍ കഴിയണം. എ ഡി ജി പിക്കെതിരെ ആറുമാസത്തിലധികമായി പരാതിയുമായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ അന്‍വര്‍ കയറിയിറങ്ങി. എന്നിട്ടാണ് ആദ്യം പാര്‍ട്ടി വേദിയില്‍ വിഷയം ഉന്നയിക്കണമെന്ന് പാര്‍ട്ടി പറയുന്നത്. ഒരു എം എല്‍ എയുടെ പരാതി ലഭിച്ചിട്ട് നടപടിയെടുത്തില്ല. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ആണെന്നു പറഞ്ഞ് എസ് ഐയുടെ മുന്നില്‍ ചെന്നാല്‍ പുറങ്കാലുകൊണ്ട് അടിക്കും. ആനിലയിലേക്ക് കാര്യങ്ങള്‍ മാറി.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ വികാരം ശ്രദ്ധയില്‍ പെടുത്താനാണ് അന്‍വര്‍ ശ്രമിച്ചത്. അതിന് അന്‍വറിനെ കൊള്ളക്കാരനാക്കാന്‍ ശ്രിക്കുന്നു. പ്രശ്‌നം ഇത്രയും വഷളാക്കിയതിന് പാര്‍ട്ടിതന്നെയാണ് ഉത്തരവാദിയെന്നും ഇ എ സുകു പറഞ്ഞു.
അധ്യക്ഷന്‍ ഇല്ലാതെ പി വി അന്‍വര്‍ നേരിട്ട് പ്രസംഗത്തിലേക്ക് പ്രവേശിച്ചു.
അന്‍വറിന്റെ പ്രസംഗത്തില്‍ നിന്ന്:
അന്തരിച്ച പുഷ്പനെ അനുസ്മരിച്ച് തുടക്കം. ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നു കരുതിയതല്ല. ആര്‍ക്കുവേണ്ടിയാണോ ഞാന്‍ പോരാട്ടത്തിനിറങ്ങിയോ അവരെ ഈ പ്രസ്ഥാനം തെരുവില്‍ ഇറക്കിയിരിക്കുന്നു.
ഒരു മനുഷ്യന്‍ ഒരു വിഷയം ഉന്നയിച്ചാല്‍ വിഷയത്തിലേക്കു നോക്കുന്നതിനു പകരം അവന്റെ പേര് എന്താണ് എന്നാണു നോക്കുന്നത്. എന്റെ പേര് അന്‍വര്‍ ആണെന്നതിനാല്‍ എന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നു. ഓം ശാന്തി, അസ്സലാം അലൈക്കും, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ… ലാല്‍സലാം സഖാക്കളെ…
ബ്രിട്ടീഷുകാരോട് പോരാടിയ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ പീഡനം ഏറ്റു വാങ്ങുകയും ഒരുപാട് നഷ്ടം സഹിക്കുകയും ചെയ്ത കുടുംബമാണ് എന്റേത്. 14 മക്കളില്‍ 11 ആമനാണ് ഞാന്‍.
നാട്ടിലാകെ ദാരിദ്രമാണ്. വീട്ടില്‍ വലിയ ചെമ്പില്‍ കഞ്ഞിവയ്ക്കും തൂക്കുപാത്രവുമായി വരുന്നവര്‍ക്കെല്ലാം കഞ്ഞി നല്‍കും. ഉമ്മതന്നെ എല്ലാവര്‍ക്കും വിളമ്പിക്കൊടുക്കും. വേലായുധന്‍ നായരും ചക്കിക്കുട്ടിയുമായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങള്‍ നോക്കിയത്. ഒരുത്തന്റെ മുഖത്തു നോക്കി വര്‍ഗീയ വാദി എന്നു പറയുമ്പോള്‍ ആലോചിക്കണം.
ഒരു സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു. ചെറുപ്പക്കാര്‍ക്ക് പ്രതികരണ ശേഷിയില്ലാതായി. എല്ലാവരും അടിമകളായി. നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഒരു അറിവുമില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോ എന്നറിയാല്‍ താല്‍പര്യമില്ല. ഫോണിലൂടെയാണ് ഫാസിസം കടന്നു വരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഫാസിസം കടന്നുവരുന്നത്. എല്ലാ കൊള്ളയടിക്കുന്നവര്‍ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് കൊടുക്കുന്നത് വെറുതെയല്ല. മന്തിയും തിന്ന് പൊരിച്ച ഐസ്‌ക്രീമും തിന്ന് നടക്കുന്ന ഒരു തലമുറയായി യുവാക്കള്‍ മാറി.
പോലീസ് ആകെ ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി നടക്കുന്ന സ്വര്‍ണകള്ളക്കടത്ത് വഴി നാട്ടില്‍ കൊല നടക്കുന്നു.നാടിന്റെ സ്വത്തായി മാറുന്ന പിടിച്ചെടുക്കുന്ന സ്വര്‍ണം ചിലര്‍ കൊണ്ടുപോകുന്നു.
കാര്യങ്ങള്‍ പറയുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി തെളിവെന്തെങ്കിലും ഉണ്ടോ എന്നു ചോദിക്കും. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പോലീസ് ഉന്നതര്‍ രക്ഷിക്കുന്നുണ്ടെങ്കില്‍ എന്തോ ഉണ്ടല്ലോ എന്ന അന്വേഷണമാണ് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അത്യന്താധുനിക സ്‌കാനിങ്ങ് സംവിധാനമുണ്ട്. ഇത്രയും സംവിധാനം ഉണ്ടായിട്ടും എങ്ങിനെ സ്വര്‍ണം കടത്തുന്നു എന്നായി അന്വേഷണം. വിദേശത്തുനിന്നുള്ള സ്വര്‍ണം പിടിച്ചാല്‍ കസ്റ്റംസിനെ ഏല്‍പ്പിക്കണം. പിടിക്കുന്ന പോലീസിന് 20 ശതമാനം കമ്മിഷനുണ്ട്. സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെട്ട പലരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലായത്.
സ്‌കാനറില്‍ കണ്ടാലും പുറത്തു കടത്തി വിടുന്നു. പുറത്തു കാത്തിരിക്കുന്ന പോലീസിന് വിവരം കൈമാറുന്നു. പോലീസ് അവരുടെ കേന്ദ്രത്തില്‍ കൊണ്ടുപോയി കാര്യങ്ങള്‍ തീരുമാനിക്കുന്നു. കസ്റ്റംസ് അപ്രൂവ് ചെയ്ത ഒറ്റ അപ്രൈസറെ ഉള്ളൂ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉരുക്കുന്നവര്‍ ഉള്ളത് കൊണ്ടോട്ടി. സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി മൂന്നു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ സമ്പത്ത് അന്വേഷിച്ചാല്‍ മനസ്സിലാവും. പത്രക്കാരെ വിളിച്ച് അന്‍വറിന് നടക്കേണ്ടിവന്നു. എന്നിട്ടും സര്‍ക്കാര്‍ സംവിധാനത്തിന് അനക്കമില്ല.
കാരിയര്‍മാരില്‍ ഒരാളെയും ഇതുവരെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടില്ല. ഞാന്‍ രണ്ടു കുടുംബങ്ങളുടെ ദൃശ്യം പുറത്തുവിട്ടിട്ടും ഒരു അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തില്ല. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിന് കേസെടുക്കാന്‍ നില്‍ക്കുകയാണ്. വെള്ളരിക്കാ പട്ടണമായി കേരളം മാറി.
ഞാന്‍ വിശ്വസിച്ച ഒരുമനുഷ്യനുണ്ടായിരുന്നു. അതാണ് പിണറായി വിജയന്‍. എന്റെമനസ്സില്‍ ബാപ്പയുടെ സ്ഥാനമായിരുന്നു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നേരെ നടന്ന ആക്രമങ്ങളെ ഞാന്‍ പ്രതിരോധിച്ചു. ഇപ്പോള്‍ കൈയ്യും വെട്ടും കാലും വെട്ടും എന്നു പറയുന്നു. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തള്ളിപ്പറയില്ല.
എസ് പിയുടെ ക്യാമ്പ് ഓഫീസില്‍ വെട്ടിയ മരത്തിന്റെ കുറ്റികാണാന്‍ പോയപ്പോള്‍ എന്നെ തടഞ്ഞു. പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. പത്രസമ്മേളനം നടത്തുന്നു. മുഖ്യമന്ത്രി അന്വേഷണം നടത്തുന്നു. കോട്ടയത്തെ പോലീസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പുഴുക്കുത്തുകളെ അടിച്ചു പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ മുന്നില്‍ 37 മിനിട്ട് ഇരുന്നു. പിണറായി എന്ന സൂര്യന്‍ കെട്ടുപോയെന്നും ഗ്രാഫ് പുജ്യത്തില്‍ ആയെന്നും പറഞ്ഞു. ശശിയാണ് കാരണക്കാരന്‍ എന്നു പറഞ്ഞു. എ ഡി ജി പി അജിത് കുമാര്‍ ക്രമസമാധാനത്തില്‍ നില്‍ക്കുന്നത് പ്രശ്‌നമാണെന്നു പറഞ്ഞു. മുഖ്യമന്ത്രി നോക്കാമെന്നു പറഞ്ഞു.
പിറ്റേന്ന് പാര്‍ട്ടി സെക്രട്ടറിക്ക് കത്തുകൊടുത്തു. എസ് പി യെ സസ്‌പെന്റ് ചെയ്തു. ഐ ജി മൊഴിയെടുക്കുന്നു. പോലീസില്‍ ട്രാന്‍സ്ഫര്‍ വരുന്നു. അന്‍വറാണ് ആഭ്യന്തരം ഭരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
പോലീസില്‍ ടെറര്‍ ആണു നടക്കുന്നത്. സാധാരണ പോലീസുകാര്‍ക്കുപോലും പീഡനമാണ്. അജിത്കുമാര്‍ വാങ്ങിക്കൂട്ടിയ സ്വത്തിന്റെ സമ്പൂര്‍ണ വിവരം കൊടുത്തു. ഇറങ്ങിപ്പോടാ എന്നു മുഖ്യമന്ത്രി പറയാവുന്ന തെളിവുകള്‍ നല്‍കി.
ഇവിടെയാണ് ആര്‍ എസ് എസ് കടന്നു വരുന്നത്. അജിത്കുമാറിനെ വച്ച് ആര്‍ എസ് എസ് പലതും ചെയ്തു. എന്തിനാണ് അജിത്കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്തു പിടിച്ചിരിക്കുന്നു. എന്നോട് നിര്‍ത്താന്‍ പറഞ്ഞു. കേസ് അന്വേഷണം സത്യസന്ധമായി നടക്കുമെന്നു പാര്‍ട്ടി ഉറപ്പു തരണമെന്നു പറഞ്ഞു.
എടവണ്ണയിലെ റിദാന്‍ വധക്കേസില്‍ പുനരന്വേഷണം വേണമെന്നു പറഞ്ഞു. ആ അന്വേഷണം അട്ടിമറിച്ചു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. അതിനുശേഷം ഞാന്‍ ആരെ കാത്തിരിക്കണം. എം എല്‍ എ വിളിച്ചാല്‍ പോലും പ്രതികരിക്കാത്ത പോലീസുകാര്‍. പോയി അടിക്കാന്‍ തോനുന്ന പ്രതികരണം. പോലീസില്‍ മാത്രമല്ല. വില്ലേജ് ഓഫീസ് മുതല്‍ ഈ അവസ്ഥയാണ്. പിണറായി സര്‍ക്കാറിന്റെ സംഭാവനയാണിത്. ഇതൊക്കെ പാര്‍ട്ടിയില്‍ നൂറുവട്ടം പറഞ്ഞു.
എവിടെപ്പോയി പാര്‍ട്ടിയുടെ കരുത്ത്. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഈ അവസ്ഥക്കു മാറ്റം വരും. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ നന്മക്കു വേണ്ടിയായിരിക്കണം. പണം കൊടുക്കാതെ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്. ജനങ്ങള്‍ക്കുനേരെ എല്ലാ വാതിലും കൊട്ടിയടച്ചു. കൈയ്യുംകാലും വെട്ടേണ്ടവരുടേതു വെട്ടണം. എന്റേതു വെട്ടീട്ടു കാര്യമില്ല. കേരളം മുഴുവന്‍ നടന്ന് കാര്യങ്ങള്‍ പറയാനാണ് തീരുമാനം.
മാമി കേസ് എന്താ തെളിയാത്തത്. നാളെ മുതലക്കുളത്ത് അക്കാര്യം പറയാം. എ ഡി ജി പി അജിത് കുമാര്‍ നേരിട്ട് ഇടപെട്ടോ എന്ന് അന്വേഷണത്തില്‍ തെളിയും.
സ്വര്‍ണക്കടത്ത് വിഷയത്തില്‍ പത്രസമ്മേളനത്തില്‍ അജിത് കുമാര്‍ എഴുതിക്കൊടുത്ത വാറോല വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സഖാക്കളാണ് എന്നെ എം എല്‍ എ ആക്കിയത്. നിങ്ങള്‍ എന്റെ കാലുകൊണ്ടുപോയാല്‍ ഞാന്‍ വീല്‍ ചെയറില്‍ വരും. എന്നെ വെടിവച്ചു കൊല്ലേണ്ടിവരും. പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലില്‍ അടക്കേണ്ടിവരും.
എല്ലാ രാഷ്ട്രീയക്കാരും തമ്മില്‍ നെക്‌സസ് ഉണ്ട്. ഒരുകേസും തെളിയില്ല. ഈ കൂട്ടത്തില്‍ ലീഗും കോണ്‍ഗ്രസ്സുമുണ്ട്. എല്ലാം എന്റെ ആള്‍ക്കാരല്ല. ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിലാണ് മോഹന്‍ദാസിന് വിഷമം. മുഖ്യമന്ത്രിക്കും അതാണ് വിഷമം. കാരണം എന്താ അങ്കിള്‍…