Connect with us

Kerala

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ച് ഹിന്ദുവില്‍ അഭിമുഖം നല്‍കിയത് ഡല്‍ഹിയില്‍ അറിയാന്‍: പി വി അന്‍വര്‍

ഇന്നലെ ചന്തക്കുന്നില്‍ നടത്തിയ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ചതിനു ശേഷമുള്ള രണ്ടാമത്തെയോഗമാണ് ഇന്നു മുതലക്കുളത്തു നടക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | കാണാതായ വ്യവസായി മാമി ആക്ഷന്‍ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി വി അന്‍വര്‍ എം എല്‍ എ സംസാരം തുടങ്ങി. ഇന്നലെ ചന്തക്കുന്നില്‍ നടത്തിയ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ചതിനു ശേഷമുള്ള രണ്ടാമത്തെയോഗമാണ് ഇന്നു മുതലക്കുളത്തു നടക്കുന്നത്.

പി വി അന്‍വറിന്റെ പ്രസംഗത്തില്‍ നിന്ന്:

മാമി കേസില്‍ നിലവിലുള്ള അന്വേഷണ സംഘം അന്വേഷിച്ചാല്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. എ ഡി ജി പി അജിത് കുമാറിനു മേല്‍ ഒരു ചുക്കും നടക്കില്ല. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. എന്താണ് കാരണം. അറിയില്ല. ജനങ്ങള്‍ പരിശോധിക്കട്ടെ.

സ്വര്‍ണ കള്ളക്കടത്തും മാമി കേസും മാത്രമല്ല ഞാന്‍ പറയുന്നത്. വരാനിരിക്കുന്ന നാളുകളില്‍ കേരളം കൈവിട്ടു പോകും. പോലീസിലെ ക്രിമിനല്‍ വല്‍ക്കരണം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നാണ് പറയുന്നത്.

വടകര പാനൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആഷിര്‍ കുഴഞ്ഞു വീണു മരിച്ചു. കുടുംബം പരാതി നല്‍കിയെങ്കിലും അന്വേഷിച്ചില്ല. മയക്കുമരുന്നുലോബിയുടെ ഇടപെടലാണ് അന്വേഷണം തടയാന്‍ കാരണം എന്നാണ് കുടുംബം പറയുന്നത്. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോള്‍ ആഷിര്‍ വെളിപ്പെടുത്തിയ പലരേയും തൊട്ടില്ല. സജീവ എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന ആഷിറിനെ ഒരാള്‍ ചുവന്ന കാറില്‍ കൊണ്ടുവിടുന്നതു സഹപാഠികള്‍ കണ്ടിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷം അകത്തു ചെന്നതിന്റെ സൂചനയുണ്ടായിരുന്നു. ഇക്കാര്യങ്ങളൊന്നും പോലീസ് അന്വേഷിച്ചില്ല.

മാമി കേസിന്റെ മറ്റൊരു രൂപമാണിത്. ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയും എന്നു നിങ്ങള്‍ വിചാരിക്കണ്ട. എം ഡി എം എ കേസുമായി ബന്ധപ്പെട്ടു പരിശോധിക്കുമ്പോള്‍ നൂറിലേറെ ചെറുപ്പക്കാരാണ് കള്ളക്കേസില്‍ കുടുങ്ങി കിടക്കുന്നത്. പോലീസിലെ ഒരു സംഘമാണ് മയക്കുമരുന്നു കടത്തുന്നത്. കേസുണ്ടാക്കാന്‍ നിരപരാധികളെ കുടുക്കുന്നു.

സുജിത് ദാസ് ഐ പി എസ് കേസു പിടിക്കുന്നതിനു പുരസ്‌കാരം നേടുന്നു. ഇതെല്ലാം നടക്കുന്നത് മലപ്പുറം ജില്ലയില്‍. ഇന്നത്തെ ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖമുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ചു മുഖ്യമന്ത്രി പറയുന്നു. ഹിന്ദു പത്രത്തില്‍ പറഞ്ഞാല്‍ നേരെ ഡല്‍ഹിക്കു പോകും. എയര്‍ പോര്‍ട്ടില്‍ പിടിക്കുന്ന കേസെല്ലാം മലപ്പുറത്തിന്റെ പേരില്‍ വരുന്നു. ഇതു ശരിയായ പോക്കല്ല. ഇത് അപകടകമായ പോക്കാണ്.

ആര്‍ എസ് എസുമായി ചേര്‍ന്ന് മതസൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നു. വിശ്വസിക്കാന്‍ കഴിയുമോ. ഒന്നര വര്‍ഷക്കാലത്തിനിടക്കാണ് കാര്യങ്ങള്‍ ഇങ്ങനെ മാറിമറിയുന്നത്. പി വി അന്‍വര്‍ കള്ളക്കടത്തു സംഘത്തിന്റെ ആളാണെന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല. പോലീസ് നയത്തിന്റെ ഭാഗമായി ജനങ്ങള്‍ സര്‍ക്കാറിനേയും മുന്നണിയേയും വെറുക്കുന്നു.

കേസുകള്‍ പോലീസ് സ്വയം നിര്‍ണയിക്കുന്നു. പോലീസ് തോനിവാസം നടത്തുന്നു. ഓട്ടോ തൊഴിലാളികളെ വരെ കൊള്ളയടിക്കുന്നു. ബൈക്കില്‍ പോകുന്ന തൊഴിലാളികളെ പിടിച്ചു നിര്‍ത്തി പിഴയിടുന്നു. ചോദ്യം ചെയ്യുന്ന പൊതുപ്രവര്‍ത്തകരെ പോലീസ് അപമാനിച്ച് ഇളക്കി വിടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്വര്‍ണത്തട്ടിപ്പെല്ലാം പുറത്തുവന്നത്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ തന്റെ കാലുപിടിച്ചു തിരുമ്മുന്നത് നിങ്ങള്‍ കേട്ടതാണ്.

പരാതി കൊടുത്തപ്പോള്‍ നടപടി വന്നു. ആഭ്യന്തര വകുപ്പില്‍ അന്‍വറിന്റെ വിളയാട്ടം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സത്യസന്ധമായ അന്വേഷണം നടക്കുന്നില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് താന്‍ രംഗത്തുവന്നത്. എന്നെ സന്തോഷിപ്പിക്കാനുള്ള നടപടികളാണുണ്ടായത്. ഞാന്‍ ആ ലഹരിയില്‍ അങ്ങു പോകും എന്നാണു കരുതിയത്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ പറ്റിക്കപ്പെടുകയാണെന്നു വ്യക്തമായപ്പോള്‍ രംഗത്തുവന്നു-അന്‍വര്‍ തുടര്‍ന്നു.

Latest