Kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍
യു ഡി എഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും അന്‍വര്‍

മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍ രംഗത്ത്. ബംഗാളില്‍ രൂക്ഷമാവുന്ന വഖഫ് പ്രക്ഷോഭം തൃണമൂല്‍ വിരുദ്ധവികാരമായി മാറുമോ അതു കേരളത്തില്‍ തനിക്കു തിരിച്ചടിയാകുമോ എന്ന ഭയത്തില്‍ നിന്നാണ് അന്‍വര്‍ ആവശ്യം കടുപ്പിക്കുന്നത് എന്നാണ് ലീഗും കോണ്‍ഗ്രസ്സും കരുതുന്നത്.
നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആരാവണമെന്ന് അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചത് യു ഡി എഫിനു തലവേദനയായിരുന്നു. യു ഡി എഫ് താനുമായി ചര്‍ച്ച നടത്തി മുന്നണിയിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷ വൈകുന്നതിലാണ് ഇപ്പോള്‍ അന്‍വറിന് ആശങ്ക.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന സൂചനയും പി വി അന്‍വര്‍ നല്‍കുന്നു. ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന മുന്‍ പ്രഖ്യാപനം പുനപ്പരിശോധിക്കേണ്ടിവരുമെന്ന സൂചനയും ഇതിലുണ്ട്.
ആര്യാടന്‍ മുഹമ്മദ് എന്ന നേതാവിന്റെ തട്ടകത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി നിര്‍ത്താനുള്ള അന്‍വറിന്റെ നീക്കത്തിന് യു ഡി എഫ് തലവച്ചു കൊടുക്കരുതെന്ന വികാരം യു ഡി എഫില്‍ ശക്തമാണ്. എന്നാല്‍ വി എസ് ജോയി മത്സരിച്ചാലെ വിജയിക്കാനാവൂ എന്ന അന്‍വറിന്റെ മുന്‍കൂര്‍ പ്രസ്താവന യു ഡി എഫ് നയങ്ങളിലുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുന്നു. അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ അതു വലിയ തലവേദനയാവും എന്നതിന്റെ സൂചനയാണ് ഈ പ്രസ്താവനയെന്നും വലിയ വിഭാഗം കരുതുന്നു. ഇതാണ് മുന്നണി പ്രവേശനത്തിനു തീരുമാനമെടുക്കാന്‍ വൈകുന്നത്. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനോടുള്ള കോണ്‍ഗ്രസ് സമീപനവും അന്‍വറിന്റെ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍കുന്നു.
ആര്യാടന്‍ ഷൗക്കത്തിനെ പിന്‍തുണക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനം പറയാന്‍ പറ്റില്ലെന്ന് അന്‍വര്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. പിണറായിസത്തിനെ തകര്‍ക്കുക എന്ന അന്‍വറിന്റെ ആവശ്യം മുന്‍ നിര്‍ത്തി സഹകരിച്ചാല്‍ മതിയെന്നും മുന്നണി പ്രവേശനം നല്‍കേണ്ട എന്നുമുള്ള ചര്‍ച്ചയും ലീഗിലും കോണ്‍ഗ്രസ്സിലും ശക്തമാണ്.
പിണറായിയെ തകര്‍ക്കാന്‍ തന്നെ യു ഡി എഫ് മുന്നണി പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. യു ഡി എഫ് പ്രവേശനം ഉറപ്പായാല്‍ തന്റെ കൂടെ വരാന്‍ കീത്തിരിക്കുന്നവര്‍ ധാരാളമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. അല്ലെങ്കില്‍ വഴിയാധാരമായി പോകുമോ എന്നു കരുതിയാണ് ആള്‍ക്കാര്‍ കൂടെ വരാത്തത്. എന്നാല്‍ കോണ്‍ഗ്രസ്സിലെ അസംതൃപ്തരെയാണ അന്‍വര്‍ ആകര്‍ഷിക്കുക എന്ന ഭയം കോണ്‍ഗ്രസ്സിനകത്ത് ശക്തമാണ്.
ഇതുവരെ യു ഡി എഫ് പ്രവേശനം ചര്‍ച്ച ചെയ്യാത്തതിനാല്‍, തടസമെന്താണെന്ന് ഉത്തരവാദിത്വത്തപ്പെട്ടവര്‍ പറയണമെന്ന ആവശ്യവും അന്‍വര്‍ ഉന്നയിക്കുന്ന.ു പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്‌ക്കെടുത്ത് താന്‍ എം എല്‍ എ സ്ഥാനമടക്കം രാജിവെച്ചതെന്നും കേരളത്തിലെ ജനവികാരം പിണറായിക്കെതിരെയാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നുമാണ് അന്‍വര്‍ പറയുന്നത്. പിണറായി വിരുദ്ധത തെളിയിക്കാനുള്ള ബാധ്യത യു ഡി എഫിനുണ്ടെന്നും അന്‍വര്‍ പറയുന്നു.
പിണറായി വീണ്ടും അധികാരത്തിലെത്തുമോയെന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്. എല്‍ ഡിഎഫ് ഉണ്ടാക്കുന്ന ഈ പ്രതീതിയെ ഇല്ലാതാക്കാനുള്ള പോരാട്ടമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നും അന്‍വര്‍ പറയുന്നു. താന്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് ഉപതതെരഞ്ഞെടുപ്പിലാണെന്നും അല്ലാതെ 2026 ല്‍ അല്ലെന്നും അന്‍വര്‍ വ്യക്തമാക്കുന്നത് യു ഡി എഫുമായുള്ള വിലപേശലിനായാണ്.