Connect with us

From the print

പി ശശിക്കെതിരെ സി പി എമ്മിന് പരാതി നല്‍കി പി വി അന്‍വര്‍

പരാതി എഴുതിനല്‍കിയാല്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സി പി എമ്മിന് പരാതി എഴുതിനല്‍കി പി വി അന്‍വര്‍ എം എല്‍ എ. ഇന്റലിജന്‍സ് റിപോര്‍ട്ട് പൂഴ്ത്തിവെച്ചു, എ ഡി ജി പി അജിത് കുമാറിനായി വഴിവിട്ട് പലതും ചെയ്യുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെ അന്‍വര്‍ നേരത്തേ ഉന്നയിച്ചത്. എ ഡി ജി പിക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുന്നത് ശശി ആണെന്നും മുഖ്യമന്ത്രിക്ക് അതീതനായി ശശി ഇടപെടല്‍ നടത്തുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശം. ഇത് ചൂണ്ടിക്കാട്ടിയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രത്യേക ദൂതന്‍ മുഖേന അന്‍വര്‍ പരാതി നല്‍കിയതെന്നാണ് വിവരം.

പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്വേഷണത്തിനോ നടപടിക്കോ സി പി എമ്മും സര്‍ക്കാറും തയ്യാറായിരുന്നില്ല. പരാതി എഴുതിനല്‍കിയാല്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത്. നിലവില്‍ ആസ്ത്രേലിയയിലുള്ള എം വി ഗോവിന്ദന്‍ മടങ്ങിയെത്തിയ ശേഷമാകും തുടര്‍നടപടികളുണ്ടാകുക.

സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നേരത്തേ ചര്‍ച്ചയായിരുന്നു.