Connect with us

palakkad bypoll

സരിന്‍ സി പി എം പിന്‍തുണ സ്വീകരിക്കുന്നത് തടയാന്‍ പി വി അന്‍വര്‍ രംഗത്ത്

സി പി എം പിന്തുണ സ്വീകരിച്ചാല്‍ പിന്നീട് തന്റെ അനുഭവം ഉണ്ടാവുമെന്നും സി പി എം പാര്‍ട്ടിക്കുള്ളില്‍ പ്രവേശനം നല്‍കാതെ പുറത്തുനിര്‍ത്തുമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടിയെന്നു വിവരം

Published

|

Last Updated

തൃശൂര്‍ |  കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പി സരിനുമായി പി വി അന്‍വര്‍ എം എല്‍ എ കൂടിക്കാഴ്ച നടത്തി. തൃശൂര്‍ തിരുവില്വാമലയിലെ സരിന്റെ ബന്ധുവീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

സരിനെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ പൊതുസമ്മത സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവുമായാണ് അന്‍വര്‍ സരിനെ കാണാന്‍ എത്തിയതെന്നാണു വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ്സുമായി ഇടഞ്ഞ സരിനെ സി പി എം തങ്ങളുടെ ക്യാമ്പില്‍ എത്തിക്കുന്നതിനു തടയിയിടുക എന്ന നീക്കമാണ് അന്‍വറിന്റെ സന്ദര്‍ശനത്തിനു പിന്നിലെന്നാണ് വിവരം.

സി പി എം പിന്തുണ സ്വീകരിച്ചാല്‍ പിന്നീട് തന്റെ അനുഭവം ഉണ്ടാവുമെന്നും സി പി എം പാര്‍ട്ടിക്കുള്ളില്‍ പ്രവേശനം നല്‍കാതെ പുറത്തുനിര്‍ത്തി ഉപയോഗപ്പെടുത്തുകമാത്രമായിരിക്കും ഫലമെന്നും അന്‍വര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചുവെച്ചു വിശദീകരിച്ചു എന്നാണു സൂചന. ടി കെ ഹംസയെ പോലെ അപൂര്‍വം പേരെ മാത്രമാണ് സി പി എം പാര്‍ട്ടിയില്‍ പ്രവേശനം നല്‍കി വളര്‍ത്തിയിട്ടുള്ളത് എന്ന യാഥാര്‍ഥ്യം അന്‍വര്‍ ചൂണ്ടിക്കാട്ടിയെന്നാണു വിവരം.

അന്‍വറിന്റെ സംഘടന രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങാന്‍ തടസ്സങ്ങളുണ്ട്. എന്നാല്‍ എ എ പി തുടക്കത്തില്‍ നടത്തിയതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ പൊതുവികാരത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ടെന്നും ആ ലക്ഷ്യം മുന്‍ നിര്‍ത്തി രംഗത്തിറങ്ങണമെന്നും അന്‍വര്‍ അഭ്യര്‍ഥിച്ചുവെന്നാണ് വിവരം. എന്നാല്‍ അന്‍വറിന്റെ പിന്‍തുണയില്‍ മത്സരിക്കുന്നതിന്റെ സാധ്യത സരിന്‍ സ്വീകരിച്ചില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നു മത്സരിക്കുകയാണെങ്കില്‍ ഇടതു പിന്‍തുണയോടെ മത്സരിക്കാമെന്ന നിലപാടിലാണ് സരിന്‍ എന്നാണ് പുറത്തുവരുന്ന സൂചന.

 

Latest